അപകടം ഭർത്താവിന്റെ കൺമുന്നിൽ

വൈക്കം : ഭർത്താവുമൊത്ത് പ്രഭാതസവാരിക്കിറങ്ങിയ വീട്ടമ്മയ്ക്ക് ടിപ്പർ ലോറി ഇടിച്ച് ദാരുണാന്ത്യം. മറവൻതുരുത്ത് കുലശേഖരമംഗലം കൊച്ചുപ്ലാം വീട്ടിൽ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ 7 ഓടെ ടോൾ ചെമ്മനാകരി റോഡിൽ തേവടി പാലത്തിന് സമീപമായിരുന്നു അപകടം. ടിപ്പർ ലോറി തട്ടി റോഡിൽ വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ മുൻചക്രം കയറി ഇറങ്ങി. ഭർത്താവ് ബഹളം വച്ചാണ് ലോറി നിറുത്തിയത്. ഓടിയെത്തിയ നാട്ടുകാർ ത്രേസ്യാമ്മയെ ഉടൻ ഇൻഡോ അമേരിക്കൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പൊലീസ് മേൽനടപടി സ്വീകരിച്ചു. മക്കൾ : അനൂപ്, അനീ​റ്റ (ഇരുവരും വിദ്യാർത്ഥികൾ). സംസ്കാരം ഇന്ന് 10 ന് ചെമ്പ് സെന്റ് തോമസ് യാക്കോബായ പള്ളിയിൽ.