കോട്ടയം: നഗരസഭയിലെ മരാമത്ത് ജോലികൾ കരാറുകാർ ഏറ്റെടുക്കുന്നില്ലെന്ന് ആക്ഷേപം. വിജിലൻസിൽ പരാതി നൽകുന്നത് മൂലം 14-ാം വാർഡിലെ ജോലികൾ ഏറ്റെടുക്കുന്നില്ലെന്ന് കരാറുകാർ പറഞ്ഞതായി വാർഡ് കൗൺസിലറാണ് വെളിപ്പെടുത്തിയത്. പൊതുപ്രവർത്തകൻ കെ.എസ്.പത്മകുമാർ നഗരസഭയിലെ മുഴുവൻ വാർഡുകളിലെയും റോഡ് നിർമാണത്തെ കുറിച്ചുള്ള പരാതി സർക്കാരിന് നൽകിയിരുന്നു. സർക്കാർ പരാതി വിജിലൻസിന് കൈമാറി. തുടർന്നാണ് പത്മകുമാർ താമസിക്കുന്ന 14-ാം വാർഡിലെ ജോലി ഏറ്റെടുക്കേണ്ടെന്ന കരാറുകാർ തീരുമാനിച്ചതെന്നാണ് ആക്ഷേപം. റോഡ് നിർമാണം ഗുണനിലവാരത്തോടെ ചെയ്താൽ ആരും പരാതി നൽകില്ലെന്ന് പത്മകുമാർ പറഞ്ഞു.