vidhu

കോട്ടയം . മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന കർഷക അവാർഡ് തൂത്തുവാരി കോട്ടയം. അ‍ഞ്ചിൽ മൂന്ന് അവാർഡും ജില്ലയിലെ കർഷകർക്കാണ്. മികച്ച സമ്മിശ്ര കർഷകൻ, മികച്ച വനിതാ സംരംഭക, മികച്ച യുവ കർഷകൻ എന്നീ അവാർഡുകളാണ് ജില്ലയിലേക്ക് എത്തിയത്.

മികച്ച സമ്മിശ്ര കർഷക - വിധു രാജീവ്.

പ്രവാസ ജീവിതത്തിന് ശേഷം 2017ൽ നാട്ടിലെത്തിയ വിധു പശുക്കൾക്ക് പുറമേ ആട്, മുട്ടകോഴി, താറാവ്, ടർക്കി കോഴി, അലങ്കാര മത്സ്യങ്ങൾ എന്നിവയെയും പരിപാലിക്കുന്നു. സ്വന്തമായുള്ള 3 ഏക്കർ സ്ഥലത്തു പച്ചക്കറി കൃഷിയും നടത്തുന്നു. സംയോജിത കൃഷി രീതി വിജയകരമായി നടപ്പിലാക്കിയാണ് മുട്ടുചിറ അരൂക്കുഴിയിൽ വിധു അഭിമാന നേട്ടത്തിലെത്തിയത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം.

മികച്ച വനിതാ സംരംഭക - റിനി നിഷാദ്.

2019ൽ 5 പശുക്കളുമായി പാറത്തോട് പുത്തൻപുരക്കൽ റിനി നിഷാദ് തുടങ്ങിയ സഫാ ഫാം ഇപ്പോൾ 35 പശുക്കൾ, 10 കിടാരികൾ, എരുമകൾ, ആടുകൾ എന്നിവയാൽ സമ്പന്നമാണ്. ദിവസവും 400 ലിറ്റർ പാൽ ഉത്പാദിപ്പിക്കുന്നു. നെയ്യ്, തൈര് എന്നിവയും ഉത്പാദിപ്പിക്കുന്നുണ്ട്. തീറ്റപ്പുല്ല് 8 ഏക്കറിലായി കൃഷി ചെയ്യുന്നു. ഫാമി​ന്റെ പേരിൽ പുതിയ ഉത്പന്നങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം.

മികച്ച യുവ കർഷകൻ - മാത്തുക്കുട്ടി ടോം.

ബി.എം.ഡബ്ല്യുവിലെ ജോലി അവസാനിപ്പിച്ച് 2015ൽ കൃഷിയിലേക്കിറങ്ങിയ മരങ്ങാട്ടുപള്ളി തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി തന്റെ 18 ഏക്കർ കൃഷിയിടം സമ്മിശ്രത്തോട്ടമായി വളർത്തിയെടുത്തു. വിവിധയിനം പച്ചക്കറികൾ, റമ്പുട്ടാൻ, മാംഗോസ്റ്റിൻ തുടങ്ങി പഴവർഗങ്ങളും 300 വിയറ്റ്നാം സൂപ്പർ ഏർളി പ്ലാവുകളും മത്സ്യകൃഷിയും മാംസോൽപാദനവും സംസ്കരണവും വിപണനവുമുണ്ട്. ടി ജെ ടി ഫാമിന് കീഴിൽ 12 പ്രോസിസ്സിംഗ് യുണിറ്റുകളും, 5 സെയിൽസ് ഔട്ട്‌ലെറ്റ്കളും പ്രവർത്തിക്കുന്നു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് സമ്മാനം.