karate

കോട്ടയം: മൂന്ന് വർഷംകൊണ്ട് ജില്ലയിൽ കരാട്ടെ പരിശീലനം നേടുന്ന പെൺകുട്ടികുളുടെ എണ്ണത്തിൽ വൻ വർദ്ധന. ബ്ളാക്ക് ബെൽറ്റ് നേടുന്നവരിലും പെൺകുട്ടികളാണ് മുന്നിൽ.

മുൻപ് കരാട്ടേയിൽ പുരുഷ, സ്ത്രീ അനുപാതം 90:10 എന്നതായിരുന്നെങ്കിൽ ഇപ്പോൾ 50:50 എന്ന നിലയിലെത്തി. കരാട്ടെ പഠന സ്ഥാപനങ്ങളുടെ എണ്ണവും മൂന്നിരട്ടിയായി. മുൻപ് പെൺകുട്ടികൾ കരാട്ടെ പരിശീലനം നേടുന്നതിനെ വീട്ടുകാർ എതിർത്തിരുന്നെങ്കിൽ ഇപ്പോൾ രക്ഷിതാക്കളുടെ മനോഭാവവും മാറി. ആറ് വയസ് മുതലുള്ള പെൺകുട്ടികളെ കരാട്ടെ കളരികളിൽ കാണാം. പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ചതും കരാട്ടെ പരിശീലനം നേടാനുള്ള കാരണങ്ങളിലൊന്നാണ്. പൊലീസിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥിനികൾക്ക് സ്വയം പ്രതിരോധ മാർഗങ്ങളിൽ പരിശീലനം നൽകുന്നുണ്ട്. ഇതിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് കരാട്ടെ പഠിക്കുന്നവരുമുണ്ട്. ഭർത്താവിനെ ഇടിച്ച് ഇഞ്ചപ്പരുവമാക്കുന്ന പ്രമേയവുമായി അടുത്തിടെയിറങ്ങിയ ഒരു സിനിമയും വലിയ പ്രചോദനമായിട്ടുണ്ട്.

പുതിയ പഠിതാക്കൾ പതിനായിരത്തിനും മുകളിൽ

കൊവിഡിന് ശേഷം മാത്രം പതിനായിരത്തിന് മുകളിൽ പേർ കരാട്ട പഠിക്കുന്നുണ്ടെന്നാണ് അസോസിയേഷന്റെ കണക്ക് .ഇംഗ്ളീഷ് മീഡിയം സ്കൂളുകളിൽ കരാട്ടെ ക്ളാസുകളുണ്ട്. ഇവിടെയും ആൺകുട്ടികളേക്കാൾ കൂടുതൽ പെൺകുട്ടികളാണ് പരിശീലിക്കുന്നത്. ആൺകുട്ടികൾ മറ്റ് ഗെയിംസിനെ ലക്ഷ്യം വയ്ക്കുമ്പോൾ ഒരേ സമയം വ്യായാമവും പ്രതിരോധവുമുള്ള കരാട്ടെ പെൺകുട്ടികൾ തെരഞ്ഞെടുക്കുന്നു. 4 വർഷത്തെ തുടർച്ചയായ പരിശീലനത്തിലൂടെ ബ്ളാക്ക് ബെൽറ്റ് നേടാം.

എന്തുകൊണ്ട് കരാട്ടെ.

സ്വയം പ്രതിരോധത്തിനൊപ്പം ആത്മവിശ്വാസം വർദ്ധിക്കും.

കൂടുതൽ ഊർജം നഷ്ടമാകാതെ അക്രമിയെ കീഴ്‌പെടുത്താം.

ലൈംഗിക,​ ആസിഡ് അക്രമണങ്ങളുണ്ടായാൽ പ്രതിരോധം.

കരാട്ടെ കേരള അസോസിയേഷൻ ചെയർമാൻ ഡോ.ഷിജി എസ്.കൊട്ടാരം പറയുന്നു.

കരാട്ടെയിലെ പുരുഷ കുത്തക അവസാനിക്കുകയാണ്. സംസ്ഥാന ചാമ്പ്യൻ ഷിപ്പിലും ഏറ്റവും കൂടുതൽ മത്സരാർത്ഥികൾ വനിതകളാണ്.

സംസ്ഥാന ചാമ്പ്യൻഷിപ്പ് കോട്ടയത്ത്.

കോട്ടയം. കരാട്ടെ കേരള അസോസിയേഷന്റെ സംസ്ഥാന കരാട്ടെ ചാമ്പ്യൻഷിപ്പ് ഡിസംബർ 25 മുതൽ 27വരെ നാഗമ്പടം ഇൻഡോർ സ്‌റ്റേഡിയത്തിൽ നടക്കും. 26ന് രാവിലെ 10.30ന് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് രാം ദയാൽ അദ്ധ്യക്ഷത വഹിക്കും. ഡോ. ബൈജു വർഗീസ് ഗുരുക്കൾ, പ്രേംകുമാർ, ഷാജി എസ്. കൊട്ടാരം, എം.എ. ജോഷി തുടങ്ങിയവർ സംസാരിക്കും. 1500 മത്സരാർത്ഥികൾ പങ്കെടുക്കും. സംസ്ഥാനതല മത്സരങ്ങളിൽ വിജയിക്കുന്നവർ ദേശീയ ചാംപ്യൻഷിപ്പിന് യോഗ്യത നേടും.