ചങ്ങനാശേരി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സേവനങ്ങൾ കാര്യക്ഷമമായും സുതാര്യമായും കർഷകരുടെ വിരൽത്തുമ്പിൽ എത്തിക്കുന്നതിനായി തൃക്കൊടിത്താനം കൃഷിഭവൻ സ്മാർട്ടാകുന്നു. സ്മാർട്ട് കൃഷിഭവൻ പദ്ധതി മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അറിയിച്ചു.സർവീസ് ഡെലിവറി, അടിസ്ഥാന സൗകര്യങ്ങൾ, ഇൻഫർമേഷൻ സിസ്റ്റം എന്നിങ്ങനെ മൂന്ന് മേഖലകളിൽ കൃഷിഭവനുകളെ മികച്ചതാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പഞ്ചായത്തിന്റെ വിഭവ ഭൂപടം തയ്യാറാക്കുകയും അടിസ്ഥാന വിവരങ്ങളെ കമ്പ്യൂട്ടർവൽക്കരിക്കുകയും ചെയ്യും. വിള ആരോഗ്യ ക്ലിനിക്കും ബയോ ഫാർമസിയും ഉണ്ടാകും. ഐ.ടി അനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കടലാസ് രഹിത ആധുനിക ഓഫീസാക്കി മാറ്റും. സ്മാർട്ട് കാർഡ് സംവിധാനം ഉണ്ടാകും. ആധുനിക സജ്ജീകരണങ്ങളുടെ ഫ്രണ്ട് ഓഫീസ്, ഇൻഫർമേഷൻ സെന്റർ എന്നിവ സജ്ജമാക്കും.