പാലാ : ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ 2022-23 സാമ്പത്തികവർഷം രണ്ട് കോടി പതിനേഴ് ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ല ആസൂത്രണ സമിതി അംഗീകാരം നൽകിയതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു. കടനാട്, ഭരണങ്ങാനം, കരൂർ, മീനച്ചിൽ എന്നീ നാല് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ഭരണങ്ങാനം ഡിവിഷനിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉത്പാദന മേഖല, പശ്ചാത്തല മേഖല, സേവന മേഖല, റോഡ് പുനരുദ്ധാരണം, വനിത, ശിശു, വയോജനക്ഷേമം എന്നീ ഏഴു മേഖലകളിലായാണ് പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഉള്ളനാട് സ്‌കൂളിൽ ശുചിത്വ സമുച്ചയം നിർമ്മിക്കുന്നതിന് പതിമൂന്ന് ലക്ഷം, കരൂർ പഞ്ചായത്തിലെ മുത്തോലിക്കുന്ന് കുടിവെള്ള പദ്ധതിക്ക് ഏഴ് ലക്ഷം, കടനാട് പഞ്ചായത്തിലെ നീലൂർ ഹൈസ്‌കൂൾ റോഡ് സംരക്ഷണ ഭിത്തിക്കും റോഡ് പുനരുദ്ധാരണത്തിനും എട്ട് ലക്ഷം, മീനച്ചിൽ പഞ്ചായത്തിലെ കിഴപറയാർ തറപ്പേൽക്കടവ് റോഡ് പുനരുദ്ധാരണം എട്ട് ലക്ഷം, കരൂർ പഞ്ചായത്തിലെ ആശാനിലയം പുത്തൻപള്ളികുന്ന് റോഡ് പുനരുദ്ധാരണം എട്ട് ലക്ഷം എന്നിങ്ങനെ നീക്കിവച്ചിട്ടുണ്ട്. ഭരണങ്ങാനം ഡിവിഷനിലെ ഏക ബഡ്‌സ് സ്‌കൂൾ മീനച്ചിൽ പഞ്ചായത്തിലെ മുകളേൽ പീടികയിൽ ത്രിതല പഞ്ചായത്തിന്റെ സഹകരണത്തോടെ ഉടൻ ആരംഭിക്കും. വിവിധ കുടിവെള്ള പദ്ധതികളുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണെന്നും ഉടൻ കമ്മിഷൻ ചെയ്യുമെന്നും രാജേഷ് വാളിപ്ലാക്കൽ പറഞ്ഞു.