കുമരകം : മൂടി ഇല്ലാത്ത ഓടകളിൽ വീണ് യാത്രക്കാർക്ക് അപകടം ഉണ്ടാകുന്ന സാഹചര്യം കണക്കിലെടുത്ത് കുമരകം ഗ്രാമപഞ്ചായത്തിലെ ഓടകൾക്കു മീതെ സ്ലാബുകൾ സ്ഥാപിച്ചു. ബസാർ 10-ആം വാർഡിൽ ഉൾപ്പെട്ട പുതിയകാവ് - വാര്യത്തുകടവിൽ റോഡിന് ചേർന്നുള്ള ഓടയുടെ ഭാഗത്താണ് സ്ലാബ് ഇട്ടത്. കുമരകം ഗ്രാമ പഞ്ചായത്തും പുതിയകാവ് - ശാസ്താംകോവിൽ ക്ഷേത്രഉപദേശകസമിതിയുടെയും സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ നടത്തിയത്. കഴിഞ്ഞ 2022 ൽ ആദ്യമായാണ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 6 ലക്ഷം രൂപ മുടക്കി ഓട നിർമ്മിച്ചത്. സ്ലാബുകൾ നിർമ്മിക്കാൻ തുക തികയാതിരുന്നതിനാൽ ഓടയുടെ നിർമ്മാണം മാത്രം പൂർത്തിയാക്കുകയായിരുന്നു. കുമരകം ശ്രീശാസ്താ ക്ഷേത്രത്തിൽ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനാൽ നിരവധി ഭക്ത ജനങ്ങൾ ഈ റോഡിലൂടെ ആണ് പോകുന്നത്. കൂടാതെ പുതിയകാവ് വഴിയിൽ നിന്ന് കൊച്ചിടവട്ടം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും ഓടയിൽ വീണ് അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിരുന്നു. ഗവ.ഹയർ സെക്കൻഡറി, വി.എച്ച്.എസ്.എസ് , ബസാർ യു.പി സ്കൂൾ , ഗവ.എസ്.എൽ.ബി എൽ.പി സ്കൂൾ എന്നിവടങ്ങളിലെ വിദ്യാർത്ഥികളും ഇതുവഴിയാണ് പോകുന്നത്.