തലയാഴം : തലയാഴം പഞ്ചായത്തിലെ ഒമ്പത്, പത്ത് വാർഡുകളിൽ ഉൾപ്പെടുന്ന പുത്തൻപാലം - പുന്നപ്പൊഴി റോഡിന്റെ ശോച്യാവസ്ഥ പരിഹക്കണമെന്ന ആവശ്യം ശക്തമായി. കുണ്ടും കുഴിയുമായി തകർന്ന റോഡിലൂടെ കാൽനടയാത്രപോലും ദുഷ്‌ക്കരമാണ്. തലയാഴത്തെ ഉൾപ്രദേശത്തെ നൂറു കണക്കിന് കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാൻ ആശ്രയിക്കുന്ന റോഡ് ഇടയാഴം - കല്ലറ റോഡിലേക്ക് എത്തുന്നതിനുള്ള എളുപ്പമാർഗമാണ്. കാർഷികമേഖലയിൽ ഉൾപ്പെടുന്ന റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ കർഷകർക്ക് നെല്ല് കൊണ്ടു പോകുന്നതിനും ഏറെ ബുദ്ധിമുട്ടുനേരിടുന്നു. ദിവസേന പതിനഞ്ചിലധികം സ്‌കൂൾ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നുണ്ട്. മഴക്കാലമായാൽ നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഇതുവഴിയുള്ള യാത്ര കൂടുതൽ ദുരിതപൂർണമാകും. റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടി ആരംഭിക്കാൻ കേരള കോൺ (എം) തലയാഴം മണ്ഡലം കമ്മറ്റി തീരുമാനിച്ചു.സംസ്ഥാന കമ്മറ്റി അംഗം ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോസ് കാട്ടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.