പാലാ : വിരിഞ്ഞു തണൽ വിരിച്ചു നിൽക്കുന്ന കൽപ്പവൃക്ഷങ്ങളുടെ ചുവട്ടിൽ നിരനിരയായി ഓടിട്ട, കുമ്മായം പൂശിയ കെട്ടിടങ്ങൾ. മുന്നിലെ റോഡിൽ സൈക്കിളുകളും കാളവണ്ടികളും, മുറുക്കാൻ കടകൾ മുതൽ മണ്ണെണ്ണ വിളക്കുകൾ വരെ വിറ്റിരുന്ന 'പാലാ അങ്ങാടി 'യുടെ ഫോട്ടോയാണിത്. ഏഴു പതിറ്റാണ്ടു മുമ്പ് രവി പാലാ എന്ന ചെത്തിമറ്റം പുളിക്കൽ രവീന്ദ്രൻ നായർ എന്ന അന്നത്തെ 18 വയസ്സുകാരൻ പകർത്തിയ ചിത്രങ്ങൾ. പാലായുടെ പഴയകാല പ്രൗഢി കറുപ്പും വെളുപ്പും കൂട്ടിക്കലർത്തി രവി പാലാ ഇത്ര നാൾ സൂക്ഷിച്ചു. പുതുതലമുറയെ പഴയ പാലാ കാണിക്കാൻ. ഇന്നത്തെ പാലായുടെ വർണ വികസനങ്ങൾ വിശദീകരിക്കാൻ. ' ചെയർമാനെ ഈ ചിത്രം ഞാനെടുക്കുമ്പോൾ അങ്ങ് ജനിച്ചിട്ടില്ല. പ്രതിപക്ഷ നേതാവാകട്ടെ അന്ന്‌ പൊടിക്കുഞ്ഞുമായിരിക്കാം. ഇന്നലെ പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ തന്റെ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്യാനെത്തിയ നഗരസഭാ ചെയർമാൻ ആന്റോ ജോസ്, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീശ് ചൊള്ളാനി എന്നിവരെ നോക്കി, പഴയ പാലായുടെ ചിത്രം ചൂണ്ടിക്കാട്ടി രവി പാലാ പറഞ്ഞ കമന്റിൽ കേട്ടു നിന്നവർ, ഫ്ലാഷിട്ട പോലെ പൊട്ടിച്ചിരിച്ചു. പാലാ നഗരസഭയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ ഭാഗമായാണ് മുൻ മുനിസിപ്പൽ കമ്മിഷണർ കൂടിയായ രവി പാലായുടെ ഫോട്ടോകളുടെ പ്രദർശനം ടൗൺ സംഘടിപ്പിച്ചത്. നഗരം വിഴുങ്ങിയ പ്രളയങ്ങളും, ആരംഭകാല നഗരസഭാ ഓഫീസ് കെട്ടിടങ്ങളും, പ്രമുഖ വ്യക്തികളുടെ ചിത്രങ്ങളുമെല്ലാം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ കൗൺസിലിന്റെ ചരിത്രത്തിലാദ്യമായി ഒരു മാദ്ധ്യമ പ്രവർത്തകന് ( 'കേരള കൗമുദി ' ലേഖകൻ സുനിൽ പാലാ) കൗൺസിൽ ഹാളിൽ നൽകിയ സ്വീകരണത്തിന്റേതുവരെയുള്ള നാനൂറ് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്. നഗരസഭാ ചെയർമാൻ ആന്റോ ജോസ് ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ സിജി പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ബൈജു കൊല്ലം പറമ്പിൽ, ലീന സണ്ണി, ഷാജു തുരുത്തൻ, പ്രൊഫ.സതീശ് ചൊള്ളാനി,തോമസ് പീറ്റർ, ജോസ് ചീരാംകുഴി, സാവിയോ കാവുകാട്ട്, ആർ.സന്ധ്യ എന്നിവർ പങ്കെടുത്തു.

നഗരസഭാ ചെയർമാൻ ആന്റോ ജോസ്, പ്രതിപക്ഷ നേതാവ് പ്രൊഫ. സതീഷ് ചൊള്ളാനി എന്നിവരെ ചിത്രം കാണിക്കുന്ന രവി പാലാ.