kopra

കോട്ടയം. ചെറുകിട വെളിച്ചെണ്ണ ഉത്പാദകസംഘങ്ങൾ പ്രതിസന്ധിയിൽ. കൊപ്രയുടെ ലഭ്യത കുറഞ്ഞതും സർക്കാർ സഹായം ലഭിക്കാതെ വന്നതുമാണ് പ്രധാന കാരണം. ഗുണനിലവാരമില്ലാത്തതും മായം ചേർത്തതുമായ വെളിച്ചെണ്ണ വിപണി കീഴടക്കിയതും മേഖലയ്ക്ക് ഇരട്ടിപ്രഹരമായി.

ഗുണനിലവാരമുള്ള വെളിച്ചെണ്ണ നിർമ്മിയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് അഞ്ച് വർഷം മുൻപ് 177 കർഷകർ ചേർന്ന് ജില്ലയിലെ അകലക്കുന്നം മൂഴൂരിൽ കാർഷികവിള സംസ്‌കരണ വിപണനകേന്ദ്രം ആരംഭിച്ചത്. 92 വനിതകളുമുണ്ട്. എന്നാൽ, നിലവിൽ ഇത്തരം സംഘങ്ങൾ പിടിച്ചുനിൽക്കാൻ പാടുപെടുന്ന സ്ഥിതിയാണ്.

പ്രാദേശികവിപണിയിൽ ആവശ്യത്തിന് ലഭിക്കാത്തതിനാൽ തൃശ്ശൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ നിന്ന് തേങ്ങ വാങ്ങി കൊപ്രയാക്കിയാണ് ആട്ടിയെടുക്കുന്നത്. കൊപ്ര ഉണക്കുന്നത്തിനുള്ള ഡ്രെയറുകളുടെ വില 7 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെയാണ്. പരിപാലനചെലവും കൂടുതലാണ്. ഒരു സൊസൈറ്റിയെ സംബന്ധിച്ച് ഭീമമായ തുക ചെലവഴിക്കുക ബുദ്ധിമുട്ടാണ്. വൈദ്യുതി ചാർജ് വർദ്ധനവും വെല്ലുവിളിയുയർത്തുന്നു.

ഒരു കിലോ വെളിച്ചെണ്ണ ഉണ്ടാക്കണമെങ്കിൽ അഞ്ചരക്കിലോ തേങ്ങ വേണം. അഞ്ചരകിലോ തേങ്ങയ്ക്ക് 150 രൂപയാകും. വെളിച്ചെണ്ണയുടെ അസംസ്‌കൃത വസ്തുവായ തേങ്ങയുടെ വിലയേക്കാൾ കുറഞ്ഞ നിരക്കിലാണ് വൻകിട കമ്പനികൾ വെളിച്ചെണ്ണ വിതരണം ചെയ്യുന്നത്. അന്യ സംസ്ഥാന ലോബികൾ മായം ചേർത്ത വെളിച്ചെണ്ണ വിപണിയിൽ എത്തിച്ച് വില കുറച്ച് വിൽക്കുന്നതും ചെറുകിട സംഘങ്ങൾക്ക് തിരിച്ചടിയാണ്. മൂഴൂരിലെ എണ്ണ ഉത്പാദന കേന്ദ്രത്തിൽനിന്ന് യു.കെ,ബഹ്‌റൈൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലേക്ക് വെളിച്ചെണ്ണ കയറ്റുമതി ചെയ്തിരുന്നു. എന്നാൽ, കൊവിഡ് പ്രതിസന്ധിയും, നിലവിൽ കണ്ടെയ്‌നർ ചാർജ് വർദ്ധിച്ചതും കയറ്റുമതി നിലയ്ക്കുന്നതിന് ഇടയാക്കി.

പ്രതിസന്ധികൾ.

അന്യസംസ്ഥാന ലോബി മായമുള്ള വെളിച്ചെണ്ണ വിലകുറച്ച് വിൽക്കുന്നു.

തേങ്ങാ വിലയും ഉത്പാദന ചെലവും വച്ച് ഇവരോട് മൽസരിക്കാനാവില്ല.

കൊവിഡും കണ്ടെയ്‌നർ ചാർജ് വർദ്ധനയും മൂലം കയറ്റുമതി ഇടിഞ്ഞു.

സുനിൽ തോമസ് (പ്രസിഡന്റ്, മൂഴൂർ പ്രദേശിക വെളിച്ചെണ്ണ ഉൽപാദന കേന്ദ്രം) പറയുന്നു.

ശബരിമലയിൽ നിന്ന് ശേഖരിയ്ക്കുന്ന കൊപ്ര കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികൾക്ക് നൽകുന്നതിന് പകരം ചെറുകിട സംഘങ്ങൾക്ക് നൽകുന്നതിനുള്ള നടപടി സ്വീകരിക്കണം. മായം ചേർക്കാത്ത വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നതിന് സർക്കാരിൽ നിന്നോ, കൃഷിവകുപ്പിൽനിന്നോ സൗജന്യ നിരക്കിൽ ഡ്രെയറും വൈദ്യുതിയും ലഭ്യമാക്കിയാൽ കുറഞ്ഞ വിലയിൽ ശുദ്ധമായ വെളിച്ചെണ്ണ വിപണിയിൽ എത്തിക്കാൻ സാധിക്കും.