nn

കോട്ടയം: പ്രതിസന്ധിയിലായ കുടുംബശ്രീ ജനകീയ ഹോട്ടലുകൾക്ക് ആശ്വാസമായി സബ്സിഡി കുടിശികയുടെ പകുതിയെത്തി. 3 മാസമായി കുടിശികയായ ഒരു കോടിയിൽ 50 ലക്ഷം രൂപയാണ് ഇന്നലെ കുടുംബശ്രീ മിഷനിൽ എത്തിച്ചത്. തുക മുടങ്ങിയ വിവരം കഴിഞ്ഞ ഏഴിന് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.

സബ്‌സിഡി തുക ലഭിക്കാതിരുന്നതിനാൽ പല കുടുംബശ്രീ ഹോട്ടലുകളും പൂട്ടൽ ഭീഷണിയിലാണ്. 5 മാസത്തെ കുടിശികയാണ് ലഭിക്കാനുള്ളത്. അപേക്ഷിച്ചവരുടെ തുകയാണ് നിലവിൽ നൽകുന്നത്. എന്നാൽ മുഴുവൻ ജനകീയ ഹോട്ടലുകളും സബ്‌സിഡിക്ക് അപേക്ഷിച്ചാൽ ഈ തുക തികയാതെ വരും.

അരി പോര.

10.60 രൂപ നിരക്കിൽ റേഷൻ അരി ലഭിക്കുമെന്നാണ് കുടുംബശ്രീ മിഷൻ പറയുന്നത്. എന്നാൽ റേഷൻ അരിയിൽ ചോറുണ്ടാക്കിയാൽ ഉപഭോക്താക്കൾ കുടുംബശ്രീ ഹോട്ടൽ ഉപേക്ഷിക്കും. മാർക്കറ്റിൽ നിന്ന് 50 രൂപ വിലയുള്ള കുത്തരിയാണ് മിക്ക കുടുംബശ്രീ ഹോട്ടലുകളും ഉപയോഗിക്കുന്നത്. അരിയ്ക്കും പലവ്യഞ്ജനത്തിനും പച്ചക്കറിയ്ക്കും വില കൂടിയതോടെ അവിയൽ ഉൾപ്പെടെയുള്ള വിഭവങ്ങൾ ആഴ്ചയിൽ ഒന്നായി. നിലവിൽ മുന്നൂറോളം ഊണുകൾ ഒരു ദിവസം വിൽക്കുന്ന ഹോട്ടലിൽ ചോറിനൊപ്പം രണ്ട് കൂട്ടം ഒഴിച്ചുകറി, തോരൻ, മുളക്/ മീൻ ചമ്മന്തി, അച്ചാർ എന്നിവയാണ് നൽകുന്നത്.

കുടിശിക 1 കോടി,​ പകുതി എത്തി.

ജില്ലയിൽ 83 ജനകീയ ഹോട്ടലുകൾ.

ഒരു ഊണിന് ലഭിക്കുക: 20 രൂപ.

കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പറയുന്നു.

ഇപ്പോൾ ലഭിച്ച സബ്‌സിഡി തുക വിതരണം ചെയ്ത് തുടങ്ങി. സർക്കാരിൽ നിന്ന് ഘട്ടംഘട്ടമായാണ് തുക അനുവദിക്കുന്നത്. ബാക്കി കുടിശികയും ഉടൻ വിതരണം ചെയ്യും.