രാമപുരം: പുതുതലമുറ ലഹരിക്ക് അടിമകളാകുന്നതിൽ നിന്ന് രക്ഷിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്ന് വിദഗ്ധരുടെ കൂട്ടായ അഭിപ്രായം.
കേരളകൗമുദിയും എക്‌സൈസ് വകുപ്പും നവജീവൻ ട്രസ്റ്റും ചേർന്ന് ഇന്നലെ രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിൽ സംസാരിച്ച എക്‌സൈസ് ഉദ്യോഗസ്ഥർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കോളേജ് അധികാരികൾ എന്നിവരുടെയെല്ലാം വാക്കുകളിൽ യുവതലമുറ നേരിടുന്ന വൻവിപത്തിനെക്കുറിച്ചുള്ള ആശങ്കയാണുയർന്നത്. മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ഓരോരുത്തരും പ്രതിജ്ഞയെടുക്കേണ്ട സന്ദർഭമാണിതെന്ന് പ്രമുഖരെല്ലാം അഭിപ്രായപ്പെട്ടു.
സെമിനാർ രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ് ഉദ്ഘാടനം ചെയ്തു. യു.പി. ക്ലാസ് മുതൽ മയക്കുമരുന്ന് ഉപയോഗിക്കുന്നവരുണ്ടെന്ന് അറിയുമ്പോൾ ഞെട്ടിപ്പോവുകയാണെന്ന് പ്രസിഡന്റ് പറഞ്ഞു. സമൂഹത്തിലെ ഇത്തരം പുഴുക്കുത്തുകൾക്കും അനീതിക്കുമെതിരെ എന്നും മുന്നിൽ നിന്ന് പോരാടിയിട്ടുള്ള പത്രമാണ് കേരളകൗമുദിയെന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
സമ്മേളനത്തിൽ രാമപുരം മാർ ആഗസ്തിനോസ് കോളേജ് മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജീർണ്ണിച്ച മനസ്സുകളെയാണ് ഭയക്കേണ്ടതെന്നും അവർക്കാണ് യഥാർത്ഥ ചികിത്സ കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അടികൊണ്ടും വടികൊണ്ടുമല്ല ഹൃദയത്തിലാഴ്ന്ന സ്‌നേഹംകൊണ്ടേ പുതുലമുറയെ നന്നാക്കാൻ പറ്റൂവെന്നും അദ്ദേഹം തുടർന്നു.
ഒരു കൊലപാതകം ചെയ്താലുള്ളതിനേക്കാൾ വലിയ ശിക്ഷയാണ് മയക്കുമരുന്ന് കേസിൽ ലഭിക്കുന്നതെന്ന് എക്‌സൈസ് പാലാ റേഞ്ച് ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാർ പറഞ്ഞു. നമ്മുടെ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം മനസ്സാണെന്നും ലഹരികളിലേക്ക് പായില്ലെന്ന് ഓരോ വിദ്യാർത്ഥിയും മനസ്സുകൊണ്ട് തയ്യാറെടുക്കണമെന്നും ക്ലാസെടുത്ത എക്‌സൈസ് ഈരാറ്റുപേട്ട റേഞ്ച് ഇന്‍സ്‌പെക്ടർ എൻ.വി.സന്തോഷ് കുമാർ പറഞ്ഞു.
ഒരുതവണ മയക്കുമരുന്നുപയോഗിച്ചാൽ നമ്മുടെ ബോധത്തിന്റെ ചരടുപൊട്ടുകയാണെന്ന് പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.എയ്ഞ്ചൽ തോമസ് പറഞ്ഞു.
കേരളകൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ. ബാബുരാജ് ആമുഖപ്രസംഗം നടത്തി. എക്‌സൈസ് സിവിൽ ഓഫീസർ നിഫി ജേക്കബ് ക്ലാസെടുത്തു. സെമിനാറിനോടനുബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച പ്രത്യേക പതിപ്പ് ''അരുത് ലഹരി'' രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന് നൽകി കോളേജ് മാനേജർ റവ. ഡോ.ജോർജ്ജ് വർഗ്ഗീസ് ഞാറക്കുന്നേൽ പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ് സ്വാഗതവും അസി. പ്രൊഫസർ ഷാൻ അഗസ്റ്റിൻ നന്ദിയും പറഞ്ഞു.