
കോട്ടയം: ലാറ്റക്‌സിന് വിലയില്ലാത്തതും തൊഴിലാളിക്ഷാമവും റബർ മേഖലയ്ക്ക് തിരിച്ചടിയാകുന്നു. ലാറ്റക്‌സിന് മുൻപ് 185 രൂപ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 90 രൂപയാണ് ലഭിക്കുന്നത്. ഇതോടെ കുറഞ്ഞവിലയ്ക്ക് പാൽ വിൽക്കാൻ കഴിയാത്തതിനാൽ തോട്ടങ്ങളിൽ വീപ്പകളിൽ സൂക്ഷിക്കുകയാണ് കർഷകർ. പല തോട്ടങ്ങളിലും കൂലിക്ക് ആളെ നിറുത്തിയാണ് ടാപ്പിംഗ് നടത്തുന്നത്. ഈ തൊഴിലാളികൾ ഷീറ്റ് ആക്കാതെ ലാറ്റക്‌സായി സൂക്ഷിക്കുന്നതിനാണ് താത്പര്യം കാണിക്കുന്നത്. റബർ ഷീറ്റാക്കുന്നതിൽ നേരിടുന്ന സമയനഷ്ടമാണ് കാരണം. ഷീറ്റ് ആക്കാൻ മാർഗമില്ലാത്തതുകൊണ്ട് വലിയ നഷ്ടമാണ് കർഷകന് ഉണ്ടാകുന്നത്. റബർ വെട്ടി പാലെടുത്ത് സൂക്ഷിക്കുക മാത്രമാണ് നിലവിൽ ടാപ്പിംഗ് നടത്തുന്നവർ ചെയ്യുന്നത്. ഇതോടെ ലാറ്റക്‌സാക്കി കൊടുക്കുകയല്ലാതെ മാർഗമില്ല. ഇങ്ങനെ, കൊടുക്കുതിനും ഡിമാൻഡ് ഇല്ലാത്ത സ്ഥിതിയാണ്.
പരിശീലനം നേടിയ തൊഴിലാളികളുടെ ദൗർലഭ്യവും വെല്ലുവിളിയുയർത്തുന്നു. ആവശ്യമായ പരിശീലനം ലഭിച്ച തൊഴിലാളികളെ ലഭിക്കാനില്ലെന്നും കർഷകർ പറയുന്നു. ഇതോടെ, ജില്ലയിലെ നിരവധി തോട്ടങ്ങളിൽ ടാപ്പിംഗ് നിലയ്ക്കുന്ന സ്ഥിതിയാണ്.
300 മരം 16 കിലോ ഷീറ്റ് .
300 മരങ്ങളുള്ള തോട്ടത്തിൽനിന്ന് ദിവസം 16 കിലോ ഷീറ്റ് ലഭിക്കും. എന്നാൽ, ലാറ്റക്‌സ് ആക്കി നൽകുമ്പോൾ ഒരു ദിവസം 600 രൂപയുടെ നഷ്ടമാണ് കർഷകന് ഉണ്ടാകുന്നത്.
നിലവിലെ വില.
ലാറ്റക്‌സ് 90രൂപ.
ഷീറ്റിന് 146 രൂപ.
ഒട്ടുപാൽ 84 രൂപ.
കർഷകനായ നാരായണൻ പറയുന്നു.
സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന റബർ പ്രോസസിംഗ് യൂണിറ്റുകളും തകർച്ചയുടെ വക്കിലാണ്. കർഷകർക്ക് ന്യായവില നൽകി പാൽ ശേഖരിച്ച് ഷീറ്റാക്കി മാറ്റുന്നതിന് കിലോയ്ക്ക് 17 രൂപ വരെയാണ് ചെലവാകുന്നത്. നിലവിലെ വിലയിടിവിൽ ഇത്തരം യൂണിറ്റുകൾക്ക് പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.