മുണ്ടക്കയം: കൊക്കയാര്‍ പഞ്ചായത്തിലെ മുക്കുളം വാര്‍ഡിൽ തൊഴിലുറപ്പ് ജോലിയുമായി ബന്ധപ്പെട്ട് ഒരുവിഭാഗം തൊഴിലാളികളും തൊഴിലുറപ്പ് അധികാരികളും കൊമ്പുകോര്‍ക്കുന്നത്. പ്രദേശത്തെ കയ്യാല നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിൽദിനങ്ങൾ സംബന്ധിച്ചാണ് ഇപ്പോൾ തർക്കം ഉടലെടുത്തിരിക്കുന്നത്. അന്‍പത് തൊഴില്‍ ദിനങ്ങളില്‍ 30 എണ്ണം പൂര്‍ത്തീകരിച്ചു ബാക്കിയുള്ള 20 എണ്ണം മാത്രമാണ് ചെയ്തു തീര്‍ക്കാനുണ്ടായിരുന്നത്. വെള്ളിയാഴ്ച ജോലി ഇല്ലെന്നു അധികൃതര്‍ മുന്‍കൂട്ടി അറിയിച്ചതായി പറയുന്നു. എന്നാല്‍ ഇതറിയാതെ13 പേര്‍ ജോലിക്കെത്തുകയും ജോലി നടത്തുകയും ചെയ്തു. എന്നാല്‍ ഹാജര്‍ ബുക്കിലും മൊബൈല്‍ ആപ്ലിക്കേഷനിലും ഇത് രേഖപ്പെടുത്താനോ കഴിഞ്ഞില്ല. മേറ്റും മറ്റു ചിലരും പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ മന്ത്രി പങ്കെടുത്ത സമ്മേളനത്തിന് പോയതാണന്നും അതിനെ തുടര്‍ന്നു തൊഴിലുറപ്പു ജോലി നഷ്ടപെടുത്തുന്നത് നീതിയല്ലെന്നും തൊഴിലാളികൂടിയായ ജോസഫ് മുക്കുളം അറിയിച്ചു.
ജോലിക്ക് നേതൃത്വം നല്‍കേണ്ട മേറ്റിന് നീര്‍ത്തട മാസറ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള യോഗത്തില്‍ പങ്കെടുക്കേണ്ടതിനാൽ വെള്ളിയാഴ്ച ജോലിക്ക് അവധി നല്‍കിയിരുന്നതാണന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണന്നും വാര്‍ഡ് മെമ്പര്‍ മോളി ഡോമിനിക് അറിയിച്ചു. ജോലി ഇല്ലെന്നുള്ള വിവരം നേരിട്ടും ഗ്രൂപ്പിലൂടെയും അറിയിച്ചിരുന്നു. വിവരം മേറ്റിനെ കൂടാതെ എ.ഡി.എസ് അധികൃതരും മുന്‍കൂട്ടി അറിയിച്ചിരുന്നതായും പഞ്ചയാത്തംഗം പറഞ്ഞു.
ഇതിനിടെ വെള്ളിയാഴ്ച ജോലിക്കെത്തിയവര്‍ക്ക് കൂലി നല്‍കാനാവില്ലെന്ന് തൊഴിലുറപ്പു പഞ്ചായത്തു തല അധികൃതര്‍ പറഞ്ഞു. മൊബൈല്‍ ആപ്ലിക്കേഷനില്‍ ഹാജര്‍ രേഖപ്പെടുത്താന്‍ കഴിയാത്തവര്‍ക്ക് സര്‍ക്കാരിന് ശമ്പളം നല്‍കാന്‍ നിയമമില്ലന്നും അധികൃതര്‍ അറിയിച്ചു.