പാലാ: ''ഒരേയൊരു പരീക്ഷയില്‍ തോറ്റതിന് 23 കാരനായ ആ യുവാവ് എന്റെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞു. ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ട ശേഷം എന്റെയടുത്ത് മാതാപിതാക്കളാണ് അവനെ കൗണ്‍സിലിംഗിന് കൊണ്ടുവന്നത്.'' ഇന്നലെ രാമപുരത്ത് നടത്തിയ ലഹരിവിരുദ്ധ ബോധവത്ക്കരണ സെമിനാറില്‍ പാലാ മാര്‍സ്ലീവാ മെഡിസിറ്റിയിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.എയ്ഞ്ചല്‍ തോമസ് പറഞ്ഞുതുടങ്ങിയപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ തിങ്ങിനിറഞ്ഞ സദസ് കാതുകൂര്‍പ്പിച്ചു.

''23 വയസു വരെ എല്ലാ ക്ലാസിലെയും ഒന്നാമനായിരുന്നു അവന്‍. ഒരു പരീക്ഷയില്‍ റാങ്ക് നേടുകയും ചെയ്തു. എന്നാല്‍ 22-ാം വയസില്‍ നടന്ന ഒരു പരീക്ഷയില്‍ അവന് മാര്‍ക്ക് വളരെ കുറഞ്ഞുപോയി. ഇത് സഹിക്കാന്‍ പറ്റാതെയാണ് അവന്‍ ആത്മഹത്യക്ക് ശ്രമിച്ചത്'' ഡോ. എയ്ഞ്ചല്‍ തോമസ് പറഞ്ഞു. ഇങ്ങനെ പ്രതിസന്ധികളെ തരണം ചെയ്യാന്‍പോലും കഴിയാതെ യുവതലമുറ മാറുന്നുണ്ടെങ്കില്‍ അതിന് മാതാപിതാക്കള്‍ക്കും ഈ സമൂഹത്തിനും ഉത്തരവാദിത്വമുണ്ടെന്ന് ഡോ.എയ്ഞ്ചല്‍ ചൂണ്ടിക്കാട്ടി.

''തൃശ്ശൂരില്‍ ഒരു ഹാഷിഷ് ഓയില്‍ കേസ് പിടിച്ചു. അതിലെ ഒരു പ്രതി എക്‌സൈസിന്റെ കസ്റ്റഡിയില്‍ തന്നെ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. ആ കേസിലെ മറ്റു കണ്ണികളെ പിടികൂടാതിരിക്കാനുളള വ്യഗ്രതയായിരുന്നു അവന്റെ ആത്മഹത്യ ശ്രമത്തിന് പിന്നില്‍. സമൂഹത്തിലെ ഉന്നത സാമ്പത്തിക നിലയിലുള്ള ഒരു കുടുംബത്തിലെ ഏക മകനായിരുന്നു അവന്‍. ആ കേസില്‍ 20 വര്‍ഷത്തിനപ്പുറമുള്ള ശിക്ഷയാണ് പ്രതിയെ കാത്തിരിക്കുന്നത്. കോട്ടയത്തു തന്നെ ആറുപേരെ 20 വര്‍ഷത്തിന് മേല്‍ ശിക്ഷിച്ച മറ്റൊരു കേസും നിലവിലുണ്ട്'' ക്ലാസെടുത്ത എക്‌സൈസ് പാലാ റേഞ്ച് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍ ചൂണ്ടിക്കാട്ടി.

''വിദ്യാര്‍ത്ഥികള്‍ പഠിത്തത്തെയാണ് ലഹരിയായി കാണക്കാക്കേണ്ടതെന്ന് എക്‌സൈസ് ഈരാറ്റുപേട്ട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.വി. സന്തോഷ്‌കുമാര്‍ പറഞ്ഞു. കേരളകൗമുദി പ്രത്യേക പതിപ്പ് രാമപുരം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന് നല്‍കിക്കൊണ്ട് മാര്‍ ആഗസ്തിനോസ് കോളേജ് മാനേജര്‍ റവ.ഡോ. ജോര്‍ജ്ജ് വര്‍ഗീസ് പ്രകാശനം ചെയ്തു.