കൊല്ലപ്പിളി-മേലുകാവ് റോഡിലെ ചതിക്കുഴികൾ

കൊല്ലപ്പിള്ളി: ഈ കുഴികൾ നികത്താൻ ഇനിയും എത്രപേർ വീഴണം...? ഇന്നലെ രാത്രിയിൽ സ്‌കൂട്ടർ യാത്രികന് കുഴിയിൽ വീണ് പരിക്കേറ്റു. റോഡിന്റെ സ്ഥിതി ഇതെങ്കിൽ വീഴാൻ ഇനി എത്രയെത്ര പേർ. കൊല്ലപ്പിളി-മേലുകാവ് റോഡിലെ ചതിക്കുഴികൾ യാത്ര ദുരിതപൂർണമാക്കുകയാണ്.

കടനാട് കവലയ്ക്കു സമീപം സ്‌കൂട്ടർ കുഴിയിൽ വീണ് കെ.ടി.യു.സി (എം) കടനാട് മണ്ഡലം പ്രസിഡന്റ് സജി നെല്ലൻകുഴിക്ക് (52) ആണ് പരിക്കേറ്റത്. സജി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇത് ഒടുവിലുണ്ടായ അപകടമാണ്.

ആഴ്ചകൾക്ക് മുമ്പ് എലിവാലി പള്ളിക്കു സമീപം ബൈക്ക് കുഴിയിൽ വീണ് അമ്മക്കും മകനും പരിക്കേറ്റിരുന്നു. കൊടുമ്പിടി കവലക്കു സമീപമുള്ള കുഴിയിൽ വീണു മേലുകാവ്, മുട്ടം സ്വദേശി കളായ അഞ്ചു പേർക്ക് പരിക്കേറ്റ സംഭവവുമുണ്ടായി. എന്നിട്ടും അധികാരികൾക്ക് മാത്രം ഒരു കുലുക്കവുമില്ല.

കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന വളരെ പ്രധാനപ്പെട്ട റോഡാണ് തകർന്നുകിടക്കുന്നത്. ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽ കല്ല് തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളലേക്കുള്ള സഞ്ചാരികൾക്കും റോഡു നീളെയുള്ള ചതിക്കുഴികൾ ഭീഷണിയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാറമടകളിലേക്കുള്ള റോഡുകൾ വരെ ടാറിംഗ് നടത്തിയിട്ടും കൊല്ലപ്പിള്ളി-മേലുകാവ് റോഡിന്റെ കാര്യത്തിൽ ഒരു തീരുമാനവുമില്ല.

ഇനിയും വൈകുരുത്

ഈ റോഡ് വഴി ഹൈറേഞ്ചിൽ നിന്ന് പാലാ, കോട്ടയം പ്രദേശങ്ങളിലെ മികച്ച ചികിത്സാ സൗകര്യമുള്ള ആശുപത്രികളലേക്ക് സ്ഥിരമായി രോഗികളുമായി ആംബുലൻസും എത്താറുണ്ട്. റോഡിലെ കുഴി ഇവർക്കും ദുരിതമാണ്. വല്ലപ്പോഴും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി മണ്ണും പാറമക്കുമിട്ടുള്ള കുഴിയടയ്ക്കൽ പ്രഹസനമാണ് അധികാരികൾ നടത്തുന്നത്. രണ്ട് ദിവസത്തിനുള്ളിൽ ഇത് പഴയപടിയുമാകും.


ഫോട്ടോ അടിക്കുറിപ്പ്

കൊല്ലപ്പിള്ളി മേലുകാവ് റോഡിലെ കുഴികൾ