
കുമരകം. മത്സ്യ തൊഴിലാളികളുടെ വള്ളത്തിൽ നിന്ന് മത്സ്യബന്ധന വല മോഷണം പോയി. കഴിഞ്ഞ രാത്രിയിലാണ് മോഷണം നടന്നത്. മീൻ പിടിത്തത്തിനു ശേഷം പുത്തൻറോഡ് കുമ്മായ സഹകരണ സംഘത്തിന് സമീപം തോട്ടിൽ കെട്ടിയിട്ടിരുന്ന രണ്ടു വള്ളങ്ങളിൽ നിന്നുമായി 20 കിലോയോളം തൂക്കമുള്ള വലയാണ് മോഷണം പോയത്. പെപ്പുന്നുക്കരി ഓമനക്കുട്ടൻ, നാലുകണ്ട് ഷൈബി എന്നിവരുടെ ഉപജീവനമാർഗമായ വലയാണ് നഷ്ടപ്പെട്ടത്. രാവിലെ മീൻ പിടിക്കാനായി പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് വലകൾ മോഷണം പോയതായി അറിഞ്ഞത്. വലയ്ക്ക് ഇരുപതിനായിരം രൂപ വില വരുമെന്ന് തൊഴിലാളികൾ പറഞ്ഞു. കുമരകം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.