കോട്ടയം : ഇരുട്ടിലായി പാറേച്ചാൽ ബൈപ്പാസ് റോഡിലെ മേൽപ്പാലങ്ങൾ. നാട്ടകം സിമന്റ് കവലയിൽ നിന്ന് ആരംഭിക്കുന്ന ബൈപ്പാസ് റോഡിൽ രണ്ട് മേൽപ്പാലങ്ങളാണ് സ്ഥിതി ചെയ്യുന്നത്. റോഡിൽ വഴിവിളക്കുകൾ തെളിയുമെങ്കിലും മേൽപ്പാലം ഇരുട്ടിന്റെ പിടിയിലാണ്. ഇരുപാലങ്ങളുടെയും അപ്രോച്ച് റോഡ് ഭാഗം താഴ്ന്നു പോയതിനെ തുടർന്ന്, ഇവിടം അപകടമേഖലയായി മാറി. കുമരകത്ത് നിന്ന് എം.സി റോഡിലേക്കും നഗരത്തിലെ തിരക്ക് ഒഴിവാക്കി ഇല്ലിക്കൽ, തിരുവാതുക്കൽ തുടങ്ങിയ ഭാഗങ്ങളിലേക്കും പോകുന്നതിനായി ദിനംപ്രതി നിരവധിപ്പേരാണ് ഇതുവഴി കടന്നു പോകുന്നത്. ഭാരവാഹനങ്ങൾ, കാറുകൾ, സ്‌കൂട്ടറുകൾ ഉൾപ്പെടെ താഴ്ന്നു പോയ അപ്രോച്ച് റോഡിലൂടെയാണ് പാലത്തിലേക്ക് പ്രവേശിക്കുന്നത്. വഴിവിളക്കുകൾ സ്ഥാപിക്കാത്തതിനാൽ, റോഡ് പരിചയമില്ലാതെ എത്തുന്ന നിരവധി വാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപ് തടികയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടിരുന്നു.
അപ്രോച്ച് റോഡ് താഴ്ന്നുതന്നെ
വാഹനയാത്രക്കാർക്ക് കെണിയായി മാറിയ പ്രവേശന ഭാഗത്തേ താഴ്ന്നുപോയ അപ്രോച്ച് റോഡ് പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കുന്നതിനായി അധികൃതർ തയ്യാറാകുന്നില്ല. കുത്തനെയുള്ള ഭാഗത്തെ ഇന്റർലോക്ക് കട്ടകൾ ഇളകിയ നിലയിലാണ്. വാഹനങ്ങളുടെ അടിത്തട്ട് കട്ടിംഗിൽ ഇടിച്ച് തകരാർ സംഭവിക്കുന്നത് പതിവാണ്. റോഡ് സഞ്ചാരയോഗ്യമാക്കുകയും മേൽപ്പാലത്തിൽ വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.