rice

കോട്ടയം . രണ്ട് മാസമായി നിരന്തരം ഉയർന്നുനിന്ന അരിവില കുറയാൻ തുടങ്ങിയത് സാധാരണക്കാർക്ക് ആശ്വാസമാകുന്നു. നവംബർ ആദ്യം വാരം വില അറുപത് കടന്നിരുന്നു. എന്നാൽ രണ്ടാഴ്ചക്കിടെ വിലയിൽ കുറവ് വന്നുതുടങ്ങി. മൊത്തവിപണിയിൽ കുത്തരിക്ക് ആറു രൂപ വരെ കുറഞ്ഞു. ഷിമോ​ഗയിലും മൈസൂരിലും വിളവെടുപ്പ് സീസൺ തുടങ്ങിയതാണ് വില കുറയാൻ കാരണം. മൊത്തവിപണിയിൽ ആന്ധ്ര ജയ അരി വില അറുപതിൽ നിന്ന് 45- 49 ലേക്ക് കുറഞ്ഞു. സുലേഖ 45 ൽ നിന്ന് 38-39 ലേക്ക് എത്തി. ബ്രാൻഡഡ് അരിയ്ക്ക് ഇനിയും വിലക്കുറവ് ഉണ്ടാകുമെന്ന് വ്യാപാരികൾ പറയുന്നു.

ഏപ്രിലിൽ അടുത്ത വിളവെടുപ്പ് കാലത്തോടെ ആന്ധ്ര ജയ അരി സുലഭമാകുമെന്നും ഇതോടെ വില 40 രൂപയിൽ എത്തുമെന്നാണ് മൊത്തവ്യാപാരികൾ പറയുന്നത്. ജൂലായിൽ ജയ അരി വില 47 ആയിരുന്നു. ഒക്ടോബറിൽ അത് 57ലേക്ക് എത്തി. നവംബർ ആദ്യവാരം 60 കടന്നു. വില കുറഞ്ഞ് തുടങ്ങിയതോടെ ആവശ്യക്കാരുടെ എണ്ണത്തിലും നേരിയ വർദ്ധനവുണ്ടായതായി വ്യാപാരികൾ പറഞ്ഞു. അതേസമയം വിലക്കുറവ് കാരണം നേരത്തെ അരി സംഭരിച്ചുവച്ച വ്യാപാരികൾക്ക് നഷ്ടമുണ്ടാകും. വിലകുറച്ചു വിൽക്കാൻ അവർ നിർബന്ധിതരാകും.

അരിവില.
(ഉയർന്ന വില - നിലവിലെ നിരക്ക്).
ആന്ധ്ര ജയ . 60. 45 - 49.
സുലേഖ . 45. 38 - 39.
കുത്തരി . 58. 50 - 52.

മൊത്തവ്യാപാരി ജോബി പറയുന്നു.

മറ്റ് സംസ്ഥാനങ്ങളിൽ വിളവെടുപ്പ് തുടങ്ങിയതാണ് വില കുറയാൻ കാരണം. വില കുറഞ്ഞതോടെ ആവശ്യക്കാർ കൂടി. ഇനിയും വില കുറയുമെന്നാണ് സൂചന.