കോട്ടയം: ഗുണ്ടാ പിരിവ് നല്കാത്തതിന്റെ പേരിൽ ടിപ്പർ ലോറി ഡ്രൈവറെ ആക്രമിച്ച കേസിൽ നാലുപേർ പിടിയിൽ. പാമ്പാടി വെള്ളൂർ സ്വദേശികളായ വട്ടക്കണ്ടത്തിൽ വീട്ടിൽ അനൂപ് (31), കാട്ടാംകുന്ന് അരോളിക്കൽ അജിത്ത് (20), കണ്ണംകുളം വീട്ടിൽ ആരോമൽ (20), കൈതത്തറ വീട്ടിൽ റിറ്റൊമോൻ (21) എന്നിവരെയാണ് പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം അനൂപും സുഹൃത്തുക്കളും ചേർന്ന് ടിപ്പർ ലോറി ഓടിക്കുന്ന സുനിലിനെ വീട്ടിൽ അതിക്രമിച്ചു കയറി ഗുണ്ടാപ്പിരിവ് ചോദിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്രതികൾ സംഭവത്തിന് തലേദിവസം കാട്ടാംകുന്ന് ഭാഗത്ത് സുനിലിനെ വഴിയിൽ തടയുകയും 5000 രൂപ കൈക്കലാക്കുകയും ചെയ്തു. തുടർന്ന് വീണ്ടും പണം ആവശ്യപ്പെട്ട് സുനിലിന്റെ വീട് ആക്രമിക്കുകയായിരുന്നു. സുനിൽ ബഹളം വച്ചതിനെ തുടർന്ന് അയൽക്കാർ ഓടികൂടിയെങ്കിലും അക്രമികൾ സ്ഥലത്ത് നിന്നും കടന്നുകളഞ്ഞു. കേസിലെ പ്രതികളായ ആരോമൽ മധു, റിറ്റൊമോൻ എന്നിവരെ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.