പാലാ: നഗരപ്രദേശത്തെ ശുദ്ധജല വിതരണം കാര്യക്ഷമമാക്കുന്നതിനായി അമൃത് 2 സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ പദ്ധതിയിൽ ഉൾപ്പെടുത്തി 5.26 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. കേന്ദ്രഫണ്ടിലൂടെ നടപ്പാക്കുന്ന പദ്ധതിയാണിത്.

അർബൻ വാട്ടർ സപ്ലൈ സ്‌കീമിൽ ഉൾപ്പെടുത്തി നിലവിലുള്ള പദ്ധതികൾ ശക്തിപ്പെടുത്തുന്നതിനും വിതരണ ശൃംഖല വിപുലീകരിക്കുന്നതിനും പുതിയ കണക്ഷനുകൾ നൽകുന്നതിനും തുക വിനിയോഗിക്കുമെന്ന് പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. നഗരസഭയും കേന്ദ്ര സംസ്ഥാന സർക്കാരുകളും ചേർന്നുള്ള സംയുക്ത പദ്ധതിയാണിത്.

ജലവിഭവ വകുപ്പു മന്ത്രി റോഷി അഗസ്റ്റ്യന് ജോസ്.കെ മാണി എം.പി മുഖേന നൽകിയ പ്രോജക്ടിനാണ് ഇപ്പോൾ അംഗീകാരം ലഭിച്ചിരിക്കുന്നതെന്ന് ചെയർമാൻ പറഞ്ഞു.

കണ്ണാടിയുറുമ്പ്, കവീക്കുന്ന് ജലവിതരണ പദ്ധതികൾക്കായി പുതിയ ഗ്രാവിറ്റി മെയിനുകൾ സ്ഥാപിക്കും. കവീക്കുന്ന് വാട്ടർ ടാങ്കും പമ്പ് ഹൗസും സംഭരണിയും പുതുക്കി പണിയും, പത്ത് കിലോമീറ്ററിൽ പുതിയ ലൈനുകൾ സ്ഥാപിക്കും, പഴകി ദ്രവിച്ച പൈപ്പുകൾക്ക് പകരം പുതിയ പൈപ്പുകൾ ഇടുകയും പുതിയ കണക്ഷനുകൾ നൽകുകയും ചെയ്യുമെന്ന് ചെയർമാൻ പറഞ്ഞു. വാട്ടർ അതോറിട്ടിക്കാണ് നിർവഹണ ചുമതല.