എരുമേലി : ശബരിമല സീസണുമായി ബന്ധപ്പെട്ട് എരുമേലിയിൽ സേവന പ്രവർത്തനങ്ങൾക്കായി നിയോഗിക്കപ്പെട്ട ഫയർഫോഴ്സ് ജീവനക്കാർ അസൗകര്യങ്ങളുടെ നടുവിൽ വീർപ്പുമുട്ടുന്നു. മുപ്പതോളം ജീവനക്കാരാണ് ദേവസ്വം ബോർഡ് ഹൈസ്കൂളിന്റെ പഴയ കെട്ടിടത്തിലെ മുറിയിലും വാഹനങ്ങൾ സുരക്ഷിതമായി ഇടുന്നതിന് നിർമ്മിച്ച താത്ക്കാലിക ഷെഡ്ഢിലുമായി ദിവസങ്ങൾ തള്ളി നീക്കുന്നത്. ചൂട് അസഹനീയമാകുന്നതോടെ ഇവരുടെ വാസം ദുരിതപൂർണമാകുകയാണ്. ജീവനക്കാർക്ക്‌ പ്രാഥമിക കൃത്യനിർവ്വഹണത്തിനായി ലഭ്യമായ ശൗചാലയങ്ങൾ പോലും തീർത്തും മോശമാണ്. എരുമേലിക്കായി അനുവദിക്കപ്പെട്ട ഫയർഫോഴ്സ് യൂണിറ്റിന്റെ യാതൊരു പ്രവർത്തനങ്ങളും വർഷങ്ങൾ കഴിഞ്ഞിട്ടും നടക്കാതെ അനിശ്ചിതമായി നീളുകയാണ്. മുൻപ് സീസൺ കാലയളവിലും മറ്റും അപകടങ്ങൾ സംഭവിക്കുമ്പോൾ രക്ഷാപ്രവർത്തനങ്ങൾക്കായി റാന്നി, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് വിഭാഗമാണ് എത്തിച്ചേർന്നിരുന്നത്.

സ്ഥലം ഏറ്റെടുത്തു പക്ഷെ

എരുമേലിയിൽ നിന്ന് 2 കിലോമീറ്റർ മാറി മണിമലയാറ്റിലെ ഓരുങ്കൽക്കടവിന് സമീപം ഗ്രാമപഞ്ചായത്ത് ഏറ്റെടുത്ത സ്ഥലത്ത് ഫയർ സ്റ്റേഷൻ നിർമ്മിക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിട്ട് നാളുകളേറെയായി. ഇതുമായി ബന്ധപ്പെട്ട് ഫയർഫോഴ്സ് അധികൃതർ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. എരുമേലി കൊരട്ടി പിൽഗ്രിം അമിനിറ്റി സെന്ററിനോടു ചേർന്നു ഫയർസ്റ്റേഷൻ നിർമ്മിക്കാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. പിന്നീട് തീരുമാനം മാറ്റി. ഇതോടൊപ്പം മറ്റു ചില സ്ഥാപനങ്ങൾ‍ നിർമ്മിക്കാനും തീരുമാനിച്ചിരുന്നു.