കറുകച്ചാൽ : കോട്ടയം - കോഴഞ്ചേരി റോഡിൽ തൊമ്മച്ചേരി കവലയിൽ നിൽക്കുന്ന കൂറ്റൻ വാകമരം അപകടവസ്ഥയിലായതോടെ ഇതുവഴിയുള്ള യാത്ര ഭീതി പരത്തുന്നു. ഒരു വർഷമായി മരം ചരിഞ്ഞുനിൽക്കുന്ന മരം ഏത് നിമിഷവും നിലംപൊത്താവുന്ന നിലയിലാണ്. മഴ പെയ്യുമ്പോൾ ആശങ്കയോടെയാണ് ഇതുവഴി വാഹനങ്ങൾ കടന്നു പോകുന്നത്. സമീപത്തെ തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതും മരം ചരിയാൻ കാരണമായി. റോഡിന് എതിർവശത്തേക്കാണ് മരം ചരിഞ്ഞുനിൽക്കുന്നതെങ്കിലും പിഴുതുവീണാൽ ബസ് കാത്തിരിപ്പുകേന്ദ്രവും വൈദ്യുതി പോസ്റ്റുകളും റോഡിന്റെ പകുതിയും തകരും. കോട്ടയത്തേക്കുള്ള പ്രധാന പാതയായതിനാൽ ഇതുവഴിയുള്ള ഗതാഗതവും തടസ്സപ്പെടും. വലിയ തോതിൽ മണ്ണിടിഞ്ഞ് തോട്ടിലേയ്ക്ക് വീഴുന്നത് ആശങ്ക ഉണർത്തുകയാണ്.

മുറിച്ച് മാറ്റാൻ നിർദ്ദേശിച്ചിട്ടും
രണ്ട് തവണ മരം മുറിച്ച് മാറ്റാൻ ക്വട്ടേഷൻ വിളിച്ചിട്ടും പാഴ്ത്തടി ആയതിനാലും വൈദ്യുതിപോസ്റ്റുകൾക്കിടയിലായതിനാലും ശ്രമങ്ങൾ പാഴാവുകയാണുണ്ടായത്. കനത്ത മഴയ്ക്ക് ശേഷം മരം വളരെയധികം ചരിഞ്ഞെന്ന് നാട്ടുകാർ പറയുന്നു. ദിവസേന അനേകം പേർ വന്നു പോകുന്ന കവലയിൽ അപകടം പതിയിരിയ്ക്കുന്നത് ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായില്ല. ഇതോടെ പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകി. എന്നിട്ടും നടപടിയില്ലാത്തതിനാൽ നാട്ടുകാ‌ർ കവലയിൽ മുന്നറിയിപ്പ് സ്ഥാപിച്ചിരിക്കുകയാണ്.