ചങ്ങനാശേരി : തൃക്കക്കാടിത്താനം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ജനൽച്ചില്ലുകൾ സാമൂഹ്യവിരുദ്ധർ തകർത്തു. ഹയർ സെക്കൻഡറി ബ്ലോക്കിനായി എട്ടുകോടി രൂപ മുടക്കി നിർമ്മിച്ച കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള കെട്ടിടത്തിലെ 10 ജനലുകളുടെ ചില്ലുകളാണ് തകർത്തത്. ഒരു മാസം മുൻപ് സാമൂഹ്യവിരുദ്ധരുടെ സംഘം സ്‌കൂളിൽ സ്ഥാപിച്ചിരുന്ന മൂന്ന് നിരീക്ഷണ കാമറകൾ മോഷ്ടിച്ചിരുന്നു. സ്കൂൾ പരിസരത്ത് ലഹരിമാഫിയ സംഘം സജീവമാണെന്ന് പരിസരവാസികൾ പറഞ്ഞു. ഇവർ തമ്മിൽ നിരന്തര സംഘർഷവും പതിവാണ്. സാമൂഹ്യ വിരുദ്ധ സംഘത്തെ കണ്ടെത്തി കർശന നടപടികൾ സ്വീകരിക്കണമെന്ന് സ്‌കൂൾ പി.ടി.എ കമ്മിറ്റിയും അദ്ധ്യാപകരും ആവശ്യപ്പെട്ടു.