വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിന് കൊടിയേറി. തന്ത്റി കിഴക്കിനിയേടത്ത് മേക്കാട് ചെറിയ മാധവൻ നമ്പൂതിരിയാണ് കൊടിയേറ്റിയത്. തന്ത്റിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവൻ നമ്പൂതിരി, മേക്കാട് ചെറിയ നാരായണൻ നമ്പൂതിരി, ഭദ്റകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ ആഴാട് നാരായണൻ നമ്പൂതിരി , ആഴാട് ഉമേഷ് നമ്പൂതിരി , ഏറാഞ്ചേരി ഉണ്ണികൃഷ്ണൻ നമ്പൂതിരി, പാറൊളി വാസുദേവൻ നമ്പൂതിരി, തരണി ശ്രീധരൻ നമ്പൂതിരി, മേലേടം ബിജു നമ്പൂതിരി, കൊളായി നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമികരായിരുന്നു. കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ വി.കൃഷ്ണകുമാറും കലാമണ്ഡപത്തിൽ ജില്ലാ കലക്ടർ ഡോ.പി.കെ.ജയശ്രീയും ദീപം തെളിച്ചു. ചടങ്ങിൽ വാദ്യകലാകാരനായ വൈക്കം ചന്ദ്രൻമാരാർക്ക് ഉദയനാപുരത്തപ്പൻ പുരസ്‌കാരം ഗുരുവായൂർ ദേവസ്വം ഭരണസമിതിയംഗം മനോജ് ബി.നായർ നൽകി. കൊടിയേറ്റിന് ശേഷം നടന്ന ആദ്യ ശ്രീബലിക്ക് ഗജവീരൻ ചിറക്കടവ് തിരുനീലകണ്ഠൻ തിടമ്പേറ്റി. സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ അഹസിനുള്ള അരിയളക്കലും നടന്നു. ചടങ്ങിൽ വിവിധ കരയോഗം ഭാരവാഹികൾ പങ്കെടുത്തു. പ്രസിദ്ധമായ തൃക്കാർത്തിക ഡിസംബർ 7നാണ്. 8ന് നടക്കുന്ന ആറാട്ടോടെ ഉത്സവം സമാപിക്കും.
ഉദയനാപുരം ക്ഷേത്രത്തിൽ ഇന്ന്
രാവിലെ 5ന് പാരായണം, 8 ന് ശ്രീബലി , നാദസ്വരം ടി. വി പുരം അനിരുദ്ധൻ , തവിൽ ടി.വി പുരം ഉദയൻ, 11 ന് തിരുവാതിരകളി, 11.30ന് സംഗീതാർച്ചന, വൈകിട്ട് 5ന് ഫ്യൂഷൻ, 7 ന് കുറത്തിയാട്ടം, 8 ന് കോൽ തിരുവാതിരകളി, 9ന് വിളക്ക്.