punja

കോട്ടയം. അപ്പർകുട്ടനാടൻ മേഖലയിൽ 40000 ഏക്കറിലേറെ പാടശേഖരങ്ങൾ പുഞ്ചകൃഷിയ്ക്കായി ഒരുങ്ങി. വിവിധ താലൂക്കുകളിലായി 460 പാടശേഖരങ്ങളിൽ പുഞ്ചകൃഷി പുരോഗതിയിലാണ്. കഴിഞ്ഞ വർഷം കൃഷിയില്ലാതിരുന്നിടങ്ങളിലും കൃഷിയിറക്കുന്നുണ്ട്. 1800 ഏക്കർ വിസ്തൃതി വരെയുള്ള പാടശേഖരങ്ങളുണ്ട് ഇക്കൂട്ടത്തിൽ. കാൽലക്ഷത്തോളം കർഷകരാണ് ഇത്തവണ പുഞ്ചകൃഷിയിൽ ഏർപ്പെടുന്നത്. കാലാവസ്ഥ അനുകൂലമായതിനാൽ, നേരത്തെ തന്നെ കർഷകർ നിലമൊരുക്കി. എന്നാൽ, ആദ്യഘട്ടത്തിൽ വിത്ത് ലഭിക്കാൻ വൈകിയത് കർഷകർക്ക് തിരിച്ചടിയായിരുന്നു. പിന്നീട്, വിത്തു സുഗമമായി ലഭിച്ചതിന് പിന്നാലെ മിക്ക പാടശേഖരങ്ങളിലും വിതയും പൂർത്തിയായി.

രാസവളത്തിന്റെയും കീടനാശിനികളുടെയും വില വർദ്ധനയാണ് മേഖലയിലെ കർഷകരെ പ്രതിസന്ധിയിലാഴ്ത്തുന്നത്. ക്ഷാമം മുതലെടുത്ത് സ്വകാര്യ കമ്പനികൾ കർഷകരെ ചൂഷണം ചെയ്യുന്നതിനും ഇടയാകുന്നു. പലയിടങ്ങളിലും വിത്തിന്റെ ഗുണമേന്മ സംബന്ധിച്ച് പരാതി ഉയരുന്നുണ്ട്. ഓരോ വർഷം പിന്നിടുമ്പോഴും വിത്തുകളുടെ ഉത്പാദനക്ഷമത കുറയുന്നതായും ആക്ഷേപമുണ്ട്. മുൻവർഷങ്ങളിൽ ഗുണമേന്മ കുറഞ്ഞ വിത്ത് വിതച്ച കർഷകർ സ്വകാര്യ വിത്ത് വിതരണക്കാരിൽ നിന്ന് വിത്ത് അധിക വില നൽകി വാങ്ങിയശേഷം, വീണ്ടും വിതയ്ക്കണ്ടേ സ്ഥിതിയുണ്ടായിരുന്നു. ഇത് വിളവെടുപ്പിനെ പ്രതികൂലമായി ബാധിച്ചു. അത്യുത്പാദന ശേഷിയുള്ള പുതിയ വിത്തുകൾ യഥാസമയം ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

കഴിഞ്ഞ രണ്ടു വർഷങ്ങളിലും പുഞ്ചകൃഷിയ്ക്ക് പ്രതികൂല കാലാവസ്ഥ തടസമായിരുന്നു. വേനൽ മഴ നേരത്തെയെത്തിയതും പ്രതിസന്ധി വർദ്ധിപ്പിച്ചു. നിരവധി കർഷകരുടെ കൊയ്തെടുത്ത നെല്ലും കൊയ്യാൻ പാകമായ നെല്ലും വെള്ളത്തിലായിരുന്നു. ഇത്തവണ തുടക്കത്തിൽ കാലാവസ്ഥ അനുകൂലമായിരുന്നെന്ന് കർഷകർ പറയുന്നു.

പുഞ്ചകൃഷി ചെയ്യുന്നത് 40000 ഏക്കറിൽ.

വിരിപ്പുകൃഷി വിളവെടുപ്പ് പൂർത്തിയാകുന്നു.

വിരിപ്പുകൃഷി വിളവെടുപ്പ് ജില്ലയിൽ 65 ശതമാനത്തോളം പൂർത്തിയായി. 15 കൃഷിഭവന്റെ കീഴിൽ 145 പാടശേഖരങ്ങളിലായി 15477 ഏക്കറിലാണ് വിരിപ്പു കൃഷിയിറക്കിയത്. 10625416 കിലോഗ്രാം നെല്ല് ഇതുവരെ സംഭരിച്ചു കഴിഞ്ഞെന്നും രജിസ്‌ട്രേഷൻ പൂർത്തിയായെന്നും ജില്ലാ പാഡി ഓഫീസർ അറിയിച്ചു. ഡിസംബർ അവസാനത്തോടെ വിളവെടുപ്പ് പൂർത്തിയാകും. വെച്ചൂർ, തലയാഴം മേഖലയിലാണ് വിരിപ്പുകൃഷി ഏറ്റവും കൂടുതൽ.

കർഷകനായ കുഞ്ഞപ്പൻ പറയുന്നു.

കാലാവസ്ഥ അനുകൂലമായാൽ, യഥാസമയം വിളവെടുപ്പ് നടത്താമെന്നാണ് പ്രതീക്ഷ. നിലവിലെ കാലാവസ്ഥ പ്രതീക്ഷയ്‌ക്കൊപ്പം ആശങ്കയ്ക്കും ഇടയാക്കുന്നു.