arrest

കോട്ടയം. സെൻട്രൽ ജംഗ്ഷനിൽ സദാചാര അക്രമണത്തിന് ഇരയായ കോളേജ് വിദ്യാർത്ഥികൾ നേരിട്ടത് ക്രൂര മർദ്ദനം. വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന നടുറോഡിൽ വിദ്യാർത്ഥിനിയെയും ആൺസുഹൃത്തിനെയും ചവിട്ടി വീഴ്ത്തുകയും നാഭിക്ക് തൊഴിക്കുകയും വസ്ത്രം വലിച്ച് കീറാൻ ശ്രമിക്കുകയും കേട്ടാലറയ്ക്കുന്ന അസഭ്യം വിളിക്കുകയും ചെയ്തു. സുഹൃത്തിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർത്ഥിനിയ്ക്ക് നേരെ കൈയേറ്റമുണ്ടായത്. ഓടിക്കൂടിയ മറ്റ് യാത്രക്കാരും, ഓട്ടോ ഡ്രൈവർമാരും നോക്കി നിൽക്കെയായിരുന്നു അതിക്രമങ്ങൾ. എന്നാൽ അക്രമികളെ ഭയന്ന് തുടക്കത്തിൽ ഇവർ കാഴ്ചക്കാരായി നിന്നതേയുള്ളൂ. ഈ സമയമത്രയും 200 മീറ്റർ അകലെ വാഹനപരിശോധനയ്ക്കായി കൺട്രോൾറൂം പൊലീസ് സംഘം കിടപ്പുണ്ടായിരുന്നു.

സംഭവം ഇങ്ങനെ

വിദ്യാർത്ഥിനിയും ആൺസുഹൃത്തും തിരുനക്കര തെക്കുംഗോപുരത്തിന് സമീപമുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തുന്നു.

ഇവിടെവച്ച് പെൺകുട്ടിയെ പ്രതികൾ കമന്റടിക്കുകയും അശ്ലീലച്ചുവയോടെ സംസാരിക്കുകയും ചെയ്തത് ആൺസുഹൃത്ത് ചോദ്യം ചെയ്തു. ഇത് വാക്കേറ്റമായി.

 ഇതിനിടെ സുഹൃത്തുക്കൾക്ക് അപകടത്തിൽ പരിക്കേറ്റെന്നും റൂമിൽ നിന്ന് വസ്ത്രവുമായി വരാനും സീനിയർ വിദ്യാർത്ഥി ഫോൺ വിളിച്ചറിയിച്ചു.

താഴത്തങ്ങാടിയിലെ റൂമിൽ നിന്ന് വസ്ത്രവുമായി ജില്ലാ ആശുപത്രിയിലേക്ക് പോയ വിദ്യാർത്ഥികളെ പ്രതികൾ കാറിൽ പിന്തുടർന്നു.

 നിരവധി തവണ ഇവർ‌ സഞ്ചരിച്ച ഡിയോ സ്കൂട്ടറിന് സംഘം വട്ടംവച്ചു. തുടർന്ന് സെൻട്രൽ ജംഗ്ഷനിലെത്തിയപ്പോൾ വീണ്ടും വാക്കേറ്റവും കൈയാങ്കളിയുമായി.

 ആൺസുഹൃത്തിന്റെ കരണത്ത് പ്രതികളിലൊരാൾ അടിച്ചു. തടയാൻ ശ്രമിച്ച പെൺകുട്ടിയെയും ആക്രമിച്ചു. ഇതിനിടെ കേട്ടാലറയ്ക്കുന്ന തെറിവിളികൾ.

 ഒടുവിൽ സമീപത്തുണ്ടായിരുന്നവർ വിഷയത്തിൽ ഇടപെട്ടു. പ്രതികളോട് പിരിഞ്ഞ് പോകാൻ ആവശ്യപ്പെട്ടു.

 കാറുമായി സംഘം കെ.കെ റോഡിലേക്ക് തിരിഞ്ഞ് പോയി. ഇതിനിടെ ആൺസുഹൃത്ത് പ്രതികൾക്ക് നേരെ ആക്രോശിച്ചു.

 കാർ നടുറോഡിൽ നിറുത്തിയിട്ട ശേഷം വീണ്ടും കുതിച്ചെത്തിയ പ്രതികൾ ആൺസുഹൃത്തിനെ ചവിട്ടി വീഴ്ത്തി. നിരവധിത്തവണ അടിവയറ്റിൽ ചവിട്ടി. തടയാൻ ശ്രമിച്ച വിദ്യാർത്ഥിനിയുടെ വസ്ത്രത്തിൽ കടന്നുപിടിച്ച പ്രതികളിലൊരാൾ നാഭിയ്ക്ക് ചവിട്ടി.

 ഓട്ടോ ഡ്രൈവർമാരടക്കം പ്രശ്നത്തിൽ ഇടപെട്ടതോടെ ബഹളമായി. സമീപത്തുണ്ടായിരുന്ന കൺട്രോൾ റൂം പൊലീസ് സ്ഥലത്തെ

ത്തി പ്രതികളെ വാഹനത്തിലേക്ക് കയറ്റി. ഇതിനിടെ കൂടുതൽ കോളേജ് വിദ്യാർത്ഥികളും സ്ഥലത്തെത്തി പ്രതികൾക്ക് നേരെ തിരിഞ്ഞു.

 പൊലീസ് നിമിഷങ്ങൾക്കുള്ളിൽ പ്രതികളെയും കൊണ്ട് സ്റ്റേഷനിലേക്ക് പോയി. വിദ്യാർത്ഥികളെ ഓട്ടോയിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.