women

കോട്ടയം: നഗരത്തിലെ തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയ കോളേജ് വിദ്യാർത്ഥിനിയേയും സഹപാഠിയായ ആൺ സുഹൃത്തിനെയും ക്രൂരമായി മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്ത് സദാചാര ഗുണ്ടായിസം കാട്ടിയ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

അസഭ്യം പറഞ്ഞതിനെയും അശ്ലീല ആംഗ്യം കാട്ടിയതിനെയും ഇരുവരും ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു അക്രമം. വിദ്യാർത്ഥിനിയെ നടുറോഡിൽ ചവിട്ടി വീഴ്ത്തി. ഇരുവരേയും റോഡിലൂടെ വലിച്ചിഴച്ചു. നഗരത്തിലെ കോളേജിലെ വിദ്യാർത്ഥികളായ ഇവരെ കോട്ടയം മെഡി. കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

താഴത്തങ്ങാടി സ്വദേശികളായ വേളൂർ വേളൂർത്തറ മുഹമ്മദ് അസം (24), മാണിക്കുന്നം തഫീഖ് അഷറഫ് (22), കുമ്മനം ക്രസന്റ് വില്ലയിൽ ഷബീർ (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 11.30ന് കോട്ടയം സെൻട്രൽ ജംഗ്ഷനിലായിരുന്നു സംഭവം. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കുശേഷം ഭക്ഷണം കഴിക്കാൻ തിരുനക്കര തെക്കുംഗോപുരത്തിന് സമീപത്തെ തട്ടുകടയിൽ എത്തിയപ്പോഴാണ് പ്രതികൾ വിദ്യാർത്ഥിനിയോട് അശ്ലീല ആംഗ്യം കാണിച്ചത്.

ഇതേച്ചൊല്ലി വാക്കേറ്റം നടക്കുന്നതിനി‌ടെ വിദ്യാർത്ഥിനിയുടെ റൂംമേറ്റ് അപകടത്തിൽപ്പെട്ടതായി ഫോൺ വന്നു. ആ പെൺകുട്ടിയ്ക്ക് വസ്ത്രവുമെടുത്ത് ജനറൽ ആശുപത്രിയിലേക്ക് പോകുംവഴി പ്രതികൾ കാറിലെത്തി തിരുനക്കര തെക്കേനട ഭാഗത്തുവച്ച് സ്‌കൂട്ടർ തടഞ്ഞ് അസഭ്യം പറഞ്ഞു. വെട്ടിച്ച് യാത്ര തുടർന്നെങ്കിലും കാറിൽ പിന്തുടർന്നെത്തി ക്രൂരമായി മർദ്ദിച്ചു. ഇരുവരേയും വലിച്ചിഴച്ച് തിരുനക്കര ഭാഗത്തുനിന്ന് സെൻട്രൽ ജംഗ്ഷൻ വരെയെത്തിച്ചു. വിദ്യാർത്ഥിനിയുടെ അടിവയറ്റിലടക്കം ചവിട്ടി.

പത്ത് മിനിട്ടോളം അക്രമം തുടർന്നെങ്കിലും ഓടിക്കൂടിയവർ ഇടപെടാൻ ഭയന്നു. ആ സമയം അമ്പത് മീറ്റർ അകലെ പൊലീസ് സംഘം വാഹന പരിശോധന നടത്തുന്നുണ്ടായിരുന്നെങ്കിലും അവർ അറിഞ്ഞില്ല. സി.സി ടിവിയിൽ സംഭവം കണ്ട് കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചതോടെയാണ് അവരെത്തി പ്രതികളെ അറസ്റ്റു ചെയ്തത്. റിമാൻഡ് ചെയ്തു.

''ഞങ്ങളെ മർദ്ദിക്കുന്നത് നോക്കി നിൽക്കുകയായിരുന്നു എല്ലാവരും. ആരും സഹായിക്കാനില്ലായിരുന്നു. കേട്ടാലറയ്ക്കുന്ന ഭാഷയാണ് അക്രമിസംഘം ഉപയോഗിച്ചത്.

-വിദ്യാർത്ഥിനി