police

കോട്ടയം. ഭരണസിരാകേന്ദ്രങ്ങളിലെല്ലാം സ്ത്രീകൾ. സ്ത്രീ സുരക്ഷ പ്രധാന അജണ്ടയെന്ന് ജില്ലാ പൊലീസ് മേധാവി. പക്ഷേ, നഗരമദ്ധ്യത്തിൽ പൊലീസിന്റെ കൈ അകലത്തിലാണ് കഴിഞ്ഞ ദിവസം രാത്രി കോളേജ് വിദ്യാർത്ഥിയും സുഹൃത്തും സദാചാര പൊലീസിന്റെ ആക്രമണത്തിന് ഇരയായത്. ഏറെ വൈകിയെത്തി പ്രതികളെ അറസ്റ്റ് ചെയ്തത് മികവായി പൊലീസ് മേനിനടിക്കുമ്പോഴും കേട്ടലറയ്ക്കുന്ന തെറിയും അശ്ലീലവും അക്രമവുമായി അരമണിക്കൂറോളം യുവാക്കൾ താണ്ഡവമാടിയത് അറിയാതെ പോയത് പൊലീസിന്റെ വീഴ്ചയായി.

സന്ധ്യ കഴി‌ഞ്ഞ് സ്ത്രീകൾക്ക് നഗരത്തിലൂടെ ഒറ്റയ്ക്ക് നടക്കാൻ പോലുമാവില്ല. എവിടെപ്പോകുന്നു, എന്താ ഇവിടെ ഇരിക്കുന്നത്, വരുന്നോ തുടങ്ങിയ ചോദ്യങ്ങളുമായി സമീപിക്കും. തിരുനക്കര ബസ് സ്റ്റാൻഡ് പൊളിക്കാനായി ഒഴിപ്പിച്ചതോടെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമാണിവിടം. സ്ത്രീകളുടെ സംരക്ഷണത്തിനായി ആരംഭിച്ച പിങ്ക് പൊലീസിന്റെ സേവനം രാത്രിയിൽ ലഭ്യമല്ല. നൈറ്റ് പട്രോളിംഗ് നടത്തുന്ന പൊലീസുകാരുടെ പ്രധാന പരിപാടി വഴിതടഞ്ഞ് പെറ്റിയടിക്കൽ മാത്രം.

പ്രധാന പ്രശ്നം ഇവിടെ

കെ.എസ്.ആർ.ടി.സി സ്റ്റാൻഡ്, ശാസ്ത്രി റോഡ്, തിയേറ്റർ റോഡ്, തിരുനക്കര മൈതാനം, സെൻട്രൽ ജംഗ്ഷൻ, നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ്, പഴയ ബസ് സ്റ്റാൻഡ് തുടങ്ങിയിടങ്ങളിലെല്ലാം രാത്രി 7ന് ശേഷം സ്ത്രീകൾക്ക് ഒറ്റയ്ക്കു നടന്നു പോകാൻ പറ്റാത്ത സ്ഥിതിയാണ്. ആക്രമികളെ പൊലീസ് പിടിക്കുന്നുണ്ടെങ്കിലും സമാന രീതിയിലുള്ള ആക്രമണം ആവർത്തിക്കുന്ന സ്ഥിതിയാണ്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ചുമതലയേറ്റെടുത്തപ്പോൾ പറഞ്ഞത് സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകുമെന്നായിരുന്നു. പക്ഷേ, ആ വാക്ക് പാഴ്‌വാക്കായി. വിവിധ സ്ഥാപനങ്ങളിൽനിന്ന് ജോലി കഴിഞ്ഞ് നിരവധി സ്ത്രീകളാണ് ബസ് കയറാൻ കെ.എസ്. ആർ. ടി.സി സ്റ്റാൻഡ്, ശാസ്ത്രി റോഡ്, നാഗമ്പടം സ്വകാര്യ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ എത്തുന്നത്. ഇവരൊക്കെ സ്വന്തം സുരക്ഷിതത്വത്തിൽ യാത്ര ചെയ്യേണ്ട അവസ്ഥയാണ്.