police1

കോട്ടയം: നഗരത്തിൽ സാമൂഹ്യവിരുദ്ധ ശല്യം ഏറുമ്പോഴും പൊലീസിന് താത്പര്യം ഇവരെ പിടികൂടാനല്ല, പെറ്റയടിക്കലിലാണ്. രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് പേടിച്ച് വഴി നടക്കാൻ പറ്റാത്ത ഗുരുതര സാഹചര്യമാണ് നഗരത്തിലുള്ളത്. ഒരുവശത്ത് മയക്കുമരുന്ന് മാഫിയ സംഘം, മറുവശത്ത് സ്ത്രീവേഷം കെട്ടിയ പുരുഷ കേസരികൾ. ആഴ്ചകൾക്ക് മുൻപ് കോടിമത ഭാഗത്ത് വച്ച് ബൈക്ക് യാത്രക്കാരനെ ചവിട്ടിവീഴ്ത്തി പോക്കറ്റ് അടിക്കാൻ ശ്രമിച്ചത് സ്ത്രീവേഷം കെട്ടിയവരായിരുന്നു. ഭാഗ്യം കൊണ്ടാണ് ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്. ഒരു മാസം മുൻപ് കെ.കെ റോഡിൽ അഞ്ജലി പാർക്കിന് സമീപം യുവാക്കളടങ്ങിയ സംഘം മദ്യലഹരിയിൽ നടുറോഡിൽ ഏറ്റുമുട്ടിയിരുന്നു. ഇവിടെ സംഘർഷങ്ങൾ പതിവാണ്. ആ പരിസരത്തൊന്നും പൊലീസിനെ കണികാണാനില്ലായിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് തിയേറ്റർ റോഡിലേക്കുള്ള വഴിയിൽ പകൽപോലും പരസ്യമദ്യപാനവും പിടിച്ചുപറിയും പതിവ് സംഭവമാണ്. രാത്രികാലങ്ങളിൽ നഗരത്തിലൂടെ സഞ്ചരിക്കുന്ന സ്ത്രീകളെ കമന്റടിക്കുന്നതും അശ്ലീലച്ചുവയോടെ സംസാരിക്കുന്നതും ഏറി വരികയാണ്. ന്യൂജെൻ ബൈക്കുകളിൽ കറങ്ങിനടക്കുന്ന യുവാക്കളടങ്ങിയ സംഘം ഹോൺ മുഴക്കിയും, അമിതവേഗതയിൽ വട്ടം വച്ചും വാഹനയാത്രക്കാരെ ഭീതിയിലാഴ്ത്തുന്നതും പതിവാണ്. ചോദ്യം ചെയ്താൽ മർദ്ദനം ഉറപ്പ്. ഇങ്ങനെയൊക്കെ ആയിട്ടും വാഹനപരിശോധനയിൽ മാത്രം ഒതുങ്ങുകയാണ് പൊലീസ് . എന്നാൽ അമിതവേഗതയിലെത്തുന്ന ബൈക്ക്, കാർ യാത്രക്കാരെ തൊടാറുമില്ല. സാധാരണക്കാരെ തടഞ്ഞു നിറുത്തി നാളും പേരും ഫോൺ നമ്പരും എഴുതി വാങ്ങി വിടുകയാണ് സ്ഥിരം കലാപരിപാടി. പലപ്പോഴും റോഡ് വശത്തേക്ക് വാഹനം ഒതുക്കിയിട്ട് കിടന്നുറങ്ങാനാണ് ഏമാന്മാർക്ക് താത്പര്യം. പിങ്ക് പൊലീസ് പോലുള്ള സ്ത്രീകൾക്കായുള്ള സുരക്ഷാ സംവിധാനങ്ങളും കോമഡിയായി മാറി. നഗരത്തിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ രാത്രികാലങ്ങളിലടക്കം സജീവമായിരുന്ന സ്പൈഡർ പട്രോളിംഗ് സംഘം നിർജീവമായി. പലപ്പോഴും പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ രണ്ട് പൊലീസുകാർ മാത്രമാണ് ഉണ്ടാകാറുള്ളത്. എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടായാൽ ഓടിയെത്താൻ പാകത്തിനുള്ള പൊലീസ് സംവിധാനം നഗരത്തിലില്ലാത്തത് സ്ത്രീ യാത്രക്കാർ അടക്കം ഭീതിയോടെയാണ് നോക്കി കാണുന്നത്.

പൊലീസ് പെറ്റിയടിക്കൽ ഇവിടെ

തിരുനക്കര ജോസ്കോ ജുവലറിയ്ക്ക് സമീപം

നാഗമ്പടം മേൽപ്പാലത്തിന് സമീപം

കുമാരനല്ലൂർ ജംഗ്ഷൻ

ഏറ്റുമാനൂർ സെൻട്രൽ ജംഗ്ഷൻ