lady

കോട്ടയം. അവർ ഞങ്ങളെ കൊല്ലുമായിരുന്നു, ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി മൂന്നംഗ സംഘത്തിന്റെ ക്രൂരമർദ്ദനത്തിന് ഇരയായ വിദ്യാർത്ഥികളുടെ വാക്കുകളാണിത്. ഇത് പറയുമ്പോഴും ആക്രമണത്തിന്റെ ആഘാതത്തിൽ നിന്നും അവർ മോചിതരായിരുന്നില്ല.

റോഡിൽ തട്ടുകടക്കാരും ഓട്ടോറിക്ഷ ജീവനക്കാരുമുണ്ടായിരുന്നെങ്കിലും ആരും രക്ഷിക്കാനായി എത്തിയില്ല. വൈകിയെങ്കിലും പൊലീസെത്തിയതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്. അക്രമികളുടെ ചവിട്ടേറ്റ് റോഡിൽ വീണു കിടക്കുകയായിരുന്നു ഇരുവരും. അവശനിലയിലായിട്ടും പൊലീസിന്റെ അടുത്തെത്തി വിവരം പറയുകയായിരുന്നു. തുടർന്നാണ് അക്രമിസംഘത്തിന്റെ കൈയിൽ നിന്ന് രക്ഷപ്പെട്ടത്.
സുഹൃത്തിനെ അടിയ്ക്കുന്നത് ചോദ്യം ചെയ്തതിനാണ് എന്റെ തലമുടിയിൽ പിടിച്ച് വലിച്ചിഴച്ച ശേഷം, വയറിൽ ചവിട്ടിയതെന്ന് പെൺകുട്ടി പറഞ്ഞു. തിരുനക്കര തെക്കേഗോപുരം നടയിൽ നിന്നും ആരംഭിച്ച മർദനം സെൻട്രൽ ജംഗ്ഷൻ വരെ നീണ്ടു. സെൻട്രൽ ജംഗ്ഷനിൽ നാട്ടുകാർ നോക്കിനിൽക്കെ പത്ത് മിനിട്ടോളം മർദനം തുടർന്നു. അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തലയ്ക്കും വയറിനും കൈയ്ക്കും മർദനത്തിൽ പരിക്കേറ്റു. മൂന്ന് വർഷമായി കണ്ണൂരിൽ നിന്ന് കോട്ടയത്ത് പഠനത്തിനായി എത്തിയിട്ട്. ഒറ്റപ്പെട്ട സംഭവങ്ങൾ കേട്ടിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംഭവം നേരിടേണ്ടിവരുന്നതെന്ന് ഇരുവരും പറഞ്ഞു.