ഏരിയൽ ബഞ്ച്ഡ് കേബിൾ വന്നിട്ടും രക്ഷയില്ല

പാലാ: നഗരത്തിൽ ഏരിയൽ ബഞ്ച്ഡ് സംവിധാനംവഴി വൈദ്യുതി എത്തിക്കുന്നതിന് കെ.എസ്.ഇ.ബി ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു. മേലിൽ വൈദ്യുതി വിതരണ തടസം പഴയതുപോലെ ഉണ്ടാവില്ലെന്നായിരുന്നു കെ.എസ്.ഇ.ബി. അധികൃതരുടെ വാദം. എന്നാൽ പഴയതിനേക്കാൾ കഷ്ടമാണിപ്പോൾ പാലാ നഗരത്തിലെ വൈദ്യുതി തടസത്തിന്റെ നില. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളായി പാലായിലും പരിസരപ്രദേശങ്ങളിലും തുടർച്ചയായി വൈദ്യുതി പോകുകയാണ്. ആയിരക്കണക്കിന് ശബരിമല തീർത്ഥാടകരെത്തുവന്ന കടപ്പാട്ടൂർ മഹാദേവക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും തുടർച്ചയായി രണ്ടുദിവസം വൈദ്യുതി മുടങ്ങി. ഇതുമൂലം ജലസംഭരണവും മുടങ്ങി.

ഇതോടെ ക്ഷേത്രത്തിലെ അന്നദാനപ്പുരയിലും ശൗചാലയങ്ങളിലും വെള്ളമില്ലാത്ത അവസ്ഥയുണ്ടായി. ദിവസേന ആയിരക്കണക്കിന് തീർത്ഥാടകർ എത്തുന്ന പ്രധാന ക്ഷേത്ര സങ്കേതവും ഇടത്താവളവുമാണിത്. ദർശനത്തിനും വിശ്രമത്തിനും വിരിവയ്ക്കുന്നതിനുമായി വന്നു
ചേർന്ന അയ്യപ്പൻമാരുടെ രാത്രികാല വിശ്രമവും സുരക്ഷയും വൈദ്യുതി ഇല്ലാത്തതുമൂലം വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. വെള്ളമില്ലാത്തതിനാൽ ശൗചാലങ്ങൾ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയുണ്ടായി. ശബരിമല തീർത്ഥാടന കാലഘട്ടത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാൻ വേണ്ട മുൻകരുതൽ വേണമെന്ന് തീർത്ഥാടന മുന്നൊരുക്കം സംബന്ധിച്ച അവലോകന യോഗത്തിൽ മാണി സി.കാപ്പൻ എം.എൽ.എ വൈദ്യുതി വകുപ്പ് അധികാരികളോട് ആവശ്യമുന്നയിച്ചിരുന്നു. എന്നാൽ വൈദ്യുതി വകുപ്പ് അധികൃതർ ഇത് അവഗണിച്ചതായി ക്ഷേത്രം ഭാരവാഹികൾ കുറ്റപ്പെടുത്തുന്നു. അതേസമയം ലൈനിൽ പണി നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം.