കോട്ടയം: ശ്രീകാളിയമ്മൻ ദേവീക്ഷേത്രം സ്ഥിതിചെയ്തിരുന്ന സ്ഥലം റെയിൽവേ ഏറ്റെടുത്തിന് പകരമായി ഭൂമി നൽകാമെന്ന വാഗ്ദാനം പാലിക്കാതിരിക്കുന്നതിനെതിരെ സമരരംഗത്തേയ്ക്കിറങ്ങാൻ അരുന്ധതിയാർ സമുദായസംഘം. ക്ഷേത്രസ്ഥാപനത്തിന് അനുയോജ്യമായ പലസ്ഥലങ്ങളും ചൂണ്ടിക്കാണിച്ചെങ്കിലും തഹസിൽദാരോ ജില്ലാ കളക്ടറോ സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്ന് ഭാരവാഹികൾ പറഞ്ഞു. റെയിൽവേ പുറമ്പോക്കിൽ താമസിച്ചിരുന്ന കുടുംബങ്ങൾക്കെല്ലാം നഷ്ടപരിഹാരവും പുനരധിവാസചെലവും നൽകാൻ റെയിൽവേ തയാറായി. എന്നാൽ 70ൽപരം വർഷങ്ങളായി സ്ഥിതിചെയ്തിരുന്ന ക്ഷേത്രം മാറ്റി സ്ഥാപിക്കാൻ യാതൊരു സഹായവും നൽകാൻ റെയിൽവേ കൂട്ടാക്കിയില്ല. ലാൻഡ് റവന്യൂ കമ്മിഷണർക്ക് നൽകിയ അപേക്ഷയും നിരസിച്ചിരുന്നു. സമുദായസംഘം ജനറൽ സെക്രട്ടറി വി.എം. മണി കമ്മിഷണറുടെ ഉത്തരവ് പുനഃപരിശോധിക്കാൻ അപേക്ഷ നൽകി. ഹൈക്കോടതി മുമ്പാകെയും ഹർജി നൽകി. അനുയോജ്യമായ സ്ഥലം കളക്ടർ കണ്ടെത്തി നൽകുകയോ ഹർജിക്കാരൻ കണ്ടെത്തിനൽകുന്ന സ്ഥലം യോജ്യമാണെങ്കിൽ അനുവദിച്ച് നൽകുകയോ ചെയ്യണമെന്ന് കോടതി പറഞ്ഞിരുന്നു.
കോട്ടയം തഹസിൽദാർ ക്ഷേത്രസ്ഥാപനത്തിന് അനുയോജ്യമെന്നു കണ്ടെത്തിയ വിജയപുരം വില്ലേജിലെ സ്ഥലം അനുവദിച്ച് തരണമെന്ന ആവശ്യം നടപ്പായിട്ടില്ല.
അവഗണനയ്‌ക്കെതിരേ താലൂക്ക് ഓഫീസും കളക്ടറേറ്റും പിക്കറ്റുചെയ്യാനാണ് സംഘടനയുടെ തീരുമാനം. സമരത്തിന് ഓൾ കേരള അരുന്ധതിയാർ സമുദായസംഘം രൂപംനൽകും. ഡിസംബർ 15നകം സർക്കാർ തീരുമാനം എടുക്കണമെന്ന് നേതാക്കളായ വി.എം.മണി, കെ.ഗണേശൻ, എ.കുറുപ്പൻ, അഡ്വ. കെ.എ.പ്രസാദ് എന്നിവർ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.