കോട്ടയം: യൂത്ത്കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ് ശബരിനാഥൻ ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷിനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി. യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയിലെ ഒരു വിഭാഗമാണ് സംസ്ഥാന പ്രസിഡന്റിന് ഷാഫി പറമ്പിൽ എം.എൽ.എയ്ക്ക് പരാതി നൽകിയത്. ശശി തരൂരിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നാട്ടകം സുരേഷിനെതിരെ ശബരിനാഥൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.

ശബരിനാഥൻ മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനായി പ്രവർത്തിക്കുകയാണെന്നും സംഘടനാ ചട്ടകൂട് തകർക്കുന്നെന്നുമാണ് പ്രധാന ആരോപണം. കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടി ഡി.സി.സി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന ശബരിനാഥന്റെ പരാമർശത്തോടെയാണ് തർക്കം ആരംഭിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് സനോജ് പനയ്ക്കൽ സെക്രട്ടറി ജെനിൻ ഫിലിപ്പ് ഉൾപ്പെടെ 22 പേർ ഒപ്പിട്ട പരാതിയാണ് യൂത്ത് കോൺഗ്രസ് നൽകിയത്.

ശശി തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയോടെയാണ് കോൺഗ്രസിലെ പോര് വെളിച്ചത്തായത്. പോസ്റ്ററിൽ നാട്ടകം സുരേഷിന്റെയും വി.ഡി.സതീശന്റെയും ചിത്രം പതിപ്പിച്ചിരുന്നില്ല. തരൂരിനെ പങ്കെടുപ്പിക്കുന്നത് തങ്ങളോട് ആലോചിച്ചില്ലെന്ന് കാട്ടി ഒരു വിഭാഗം രംഗത്തെത്തുകയും ചെയ്തിരുന്നു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ചിന്റു കുര്യൻ ജോയിയുടേത് ഏകാധിപത്യമാണെന്നും എതിർ വിഭാഗം പറയുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനെ പിന്തുണയ്ക്കുന്നവരാണ് ഇപ്പോൾ പരാതിയുമായി രംഗത്തെത്തിയതെന്നതും ശ്രദ്ധേയമാണ്.