
കോട്ടയം. ഒരു എയ്ഡ്‌സ് ദിനം കൂടി കടന്നുപോകുമ്പോൾ സംസ്ഥാനത്ത് രോഗബാധിതർ കുറയുന്നതായി കണക്കുകൾ. മുൻപ് പ്രതിവർഷം 3000 പേർക്കാണ് രോഗം ബാധിച്ചിരുന്നത്. ഇപ്പോഴിത് 1200 കേസുകളായി. കൊവിഡ് കാലമായ 2020,21 കാലഘട്ടത്തിൽ രോഗികളുടെ എണ്ണം 800 ആയിരുന്നു. എയ്ഡ്‌സ് ആരംഭ കാലത്ത് പോസിറ്റീവാകുന്ന രോഗികൾക്ക് ചികിത്സ നൽകുന്നതിൽ കാലതാമസം നേരിട്ടിരുന്നു. ചെലവേറിയ മരുന്നുകൾ വാങ്ങാൻ സർക്കാർ ഫണ്ട് അപര്യാപ്തമായതാണ് കാരണം. ഇപ്പോൾ, മരുന്ന് ഉടൻ ലഭ്യമാകാൻ തുടങ്ങിയതും രോഗവ്യാപനം കുറച്ചതായി ജില്ലാ ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.
അണുബാധിതരായ 100 അമ്മമാരിൽ 30 കുട്ടികൾക്ക് രോഗം ബാധിക്കാം. ഇതിനെ പ്രതിരോധിക്കാൻ ഗർഭിണികളിലും എച്ച്.ഐ.വി പരിശോധന നടത്തുന്നുണ്ട്. ഇതിനായി പ്രസവിക്കുന്നതിന് മുൻപും കുഞ്ഞിനും പ്രതിരോധ സിറപ്പ് നൽകും.
രോഗവ്യാപനം ഇങ്ങനെ.
രോഗബാധിതരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതിലൂടെ.
അണുബാധയുള്ള ഗർഭിണികളിൽ നിന്ന് ജനിക്കുന്ന കുഞ്ഞിലേയ്ക്ക് .
ഡ്രഗ്‌സ് ഉപയോഗിക്കുന്നവർ സിറിഞ്ച്, സൂചി ഷെയർ ചെയ്യുന്നതിലൂടെ.
അണുബാധിതരായവരുടെ രക്തം മറ്റൊരാൾ സ്വീകരിക്കുന്നതിലൂടെ.
ചികിത്സാ സേവനങ്ങൾ.
രക്ത പരിശോധനയിലൂടെ മാത്രമേ എച്ച്.ഐ.വി അണുബാധ കണ്ടെത്താൻ സാധിക്കൂ. ഇതിനായി, എല്ലാ സർക്കാർ ആശുപത്രികളിലും ജ്യോതിസ് (ഐ.സി.ടി.സി) കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എച്ച്.ഐ.വി അണുബാധയുണ്ടെന്ന് കണ്ടെത്തിയാൽ കൂടുതൽ ചികിത്സയ്ക്കായി ഉഷസ് (എ.ആർ.ടി) കേന്ദ്രങ്ങളിലേയ്ക്ക് മാറ്റും. എ.ആർ.ടി കേന്ദ്രങ്ങളിൽ രജിസ്റ്റർ ചെയ്ത് ചികിത്സയെടുക്കുന്ന അണുബാധിതർക്ക് തുടർ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കെയർ സപ്പോർട്ട് (സി.എസ്.സി) കേന്ദ്രങ്ങളുണ്ട്. ലൈംഗികജന്യ രോഗങ്ങൾക്കുള്ള ചികിത്സ സൗജന്യമായി ലഭിക്കുന്നതിന് ജില്ലാ ആശുപത്രികളിൽ പുലരി (എസ്.ടി.ഐ) കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.