ആരായിരിക്കും ഉത്തരവിട്ടത്; ആദ്യത്തെ പൊലീസ് വെടിവയ്പിന്...!
1958 ജൂലൈ 26ന് കൊല്ലം ജില്ലയിലെ ചന്ദനത്തോപ്പിൽ നടന്ന കേരളത്തിലെ ആദ്യത്തെ പൊലീസ് വെടിവയ്പിനെക്കുറിച്ചുള്ള സംസ്ഥാനത്തെ ഏറ്റവും മുതിർന്ന റിട്ട. പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളായ തോമസ് കുഞ്ഞുകുഞ്ഞിന്റെ ഓർമയാണ് ഇത്...
-

തോമസ് കുഞ്ഞുകുഞ്ഞ്
തിരുവിതാംകൂർ പൊലീസിൽ ജോലി ആരംഭിച്ച തോമസ് കുഞ്ഞുകുഞ്ഞ് ഈ കഴിഞ്ഞ ജൂൺ 27ന് 93 വയസ്സിലേക്കു കടന്നു....
1952ൽ പാസ്പോർട്ട് എടുത്തു, മലയായിലുണ്ടായിരുന്ന മാതൃസഹോദരന്റെ അടുത്തേക്കുള്ള യാത്ര മുടങ്ങിയപ്പോൾ തിരുവിതാംകൂർ പൊലീസ് സർവീസിൽ ചേർന്നതാണ് തോമസ് കുഞ്ഞുകുഞ്ഞ്...
ആരായിരിക്കും ഉത്തരവിട്ടത്; ആദ്യത്തെ പൊലീസ് വെടിവയ്പിന്...!കൂത്തുപറമ്പിൽ വെടി വയ്ക്കാനുള്ള അഡിഷനൽ ജില്ല മജിസ്ട്രേറ്റിന്റെ ഉത്തരവ് നടപ്പാക്കിയ പൊലീസുകാരെ കൊലക്കുറ്റത്തിനു പ്രതികളാക്കിയിരുന്നത് ഇപ്പോൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാവുമല്ലോ...എന്നാൽ, കേരളത്തിലെ ആദ്യത്തെ പൊലീസ് വെടിവയ്പിനെക്കുറിച്ചു പറയുമ്പോൾ ആരാണ് ആ വെടിവയ്പിന് ഉത്തരവിട്ടതെന്ന് അന്ന് അതിൽ പങ്കെടുത്തവർക്ക് വ്യക്തമായ ധാരണയില്ലായിരുന്നു എന്നതാണ് വാസ്തവം...1958 ജൂലൈ 26ന് ശനിയാഴ്ച വൈകിട്ട് നാലരയോടെ കൊല്ലം ചന്ദനത്തോപ്പിലുള്ള ഗണേഷ് നായിക്കിന്റെ കശുവണ്ടി ഫാക്ടറിയുടെ മുന്നിൽ തടിച്ചു കൂടിയ ജനക്കൂട്ടത്തെ പിരിച്ചു വിടാനായിരുന്നു ആ വെടിവയ്പ്.
ചെയ്ത ജോലിയുടെ കൂലി കിട്ടണമെന്ന് ആവശ്യപ്പെട്ടു തൊഴിലാളികൾ നടത്തിയ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു ഫാക്ടറിപ്പടിക്കൽ ടി.എം. പ്രഭയുടെ നേതൃത്വത്തിൽ നിരാഹാര സമരം നടക്കുന്നു...
ഫാക്ടറിക്കുള്ളിൽ കയറ്റുമതിക്കു തയാറായ കശുവണ്ടി പരിപ്പിന്റെ ലോഡുമായി കിടക്കുന്ന ലോറികൾ കൂലി കിട്ടാതെ പുറത്തേക്കു വിടില്ലെന്നുള്ള തീരുമാനത്തിൽ തൊഴിലാളികൾ തടഞ്ഞിട്ടിരിക്കുകയാണ്. പല സ്ഥലങ്ങളിൽ നിന്നെത്തിയിരിക്കുന്ന തൊഴിലാളികളും നാട്ടുകാരുമായ ആയിരത്തോളം ആളുകൾ ഫാക്ടറി ഗേറ്റിനു മുന്നിൽ തടിച്ചു കൂടി നിൽക്കുന്നു...
ലോറി പുറത്തു വിട്ടാലുടൻ തന്നെ ആവശ്യങ്ങൾ അംഗീകരിക്കാമെന്നും തൊഴിലാളിക്കു കൂലി ലഭിക്കാൻ വേണ്ട നടപടി കൈക്കൊള്ളാമെന്നും 'മുകളിൽ' നിന്നു കിട്ടിയ വിവരം നേതാക്കളെ അറിയിക്കാൻ വേണ്ടി അന്നത്തെ ആർ.ഡി.ഒ സി.പി. രാമകൃഷ്ണ പിള്ള, ഡി.എസ്.പി മാധവൻ പിള്ള, ഡിവൈഎസ്.പി ഡിക്രൂസ്, കൊല്ലം ഈസ്റ്റ് എസ്.ഐ കരുണാകരൻ നായർ, കുണ്ടറ എസ്.ഐ വാര്യർ തുടങ്ങിയവർ നേതാക്കളെ സമീപിച്ചു.ഉദ്യോഗസ്ഥരും നേതാക്കളും ആൾക്കൂട്ടത്തിന്റെ നടുവിലായിക്കഴിഞ്ഞപ്പോൾ എവിടെ നിന്നോ ഉദ്യോഗസ്ഥരുടെ നേരെ കല്ലുകൾ പാഞ്ഞു വരാൻ തുടങ്ങി.
ഫാക്ടറിക്ക് മുന്നിലൂടെ കടന്നു പോകുന്ന റയിൽവേ ലൈനിൽ ധാരാളമായുണ്ടായിരുന്ന ഒന്നര ഇഞ്ച് മെറ്റൽ കൊണ്ടുള്ള ഏറു കൊണ്ട ഉദ്യോഗസ്ഥ പ്രമുഖർക്ക് അവശരായി നിൽക്കാനേ കഴിയുമായിരുന്നുള്ളൂ.
അല്പം അകലെയായി നിന്നിരുന്ന ലോക്കൽ പൊലീസിനും ഇതു നോക്കി നിൽക്കാനല്ലാതെ ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല...!
എന്നാൽ, സ്ഥിതിഗതികൾ വഷളാകുന്നതു കണ്ടു പൊലീസ് വാനിലുണ്ടായിരുന്ന റിസർവ് പൊലീസ് റൈഫിളുമായി ചാടിയിറങ്ങി ജനക്കൂട്ടത്തിനു നേരെ പിരിഞ്ഞു പോകാനുള്ള മുന്നറിയിപ്പെന്നോണം നിറയൊഴിക്കാൻ തുടങ്ങി...!ഈ സമയം അതു വഴി വന്ന ട്രെയിൻ കടന്നു പോകുന്നതിനായി കുറേ സമയം വെടിവയ്പ് നിർത്തി വച്ചു...
കാരണം, റയിൽവേ ലൈനിന്റെ മറുപുറത്തായിരുന്നു പൊലീസ് നിന്നിരുന്നത്.
ട്രെയിൻ കടന്നു പോയിക്കഴിഞ്ഞപ്പോൾ വീണ്ടും വെടി വച്ചു. രണ്ടു പാവം തൊഴിലാളികൾ തൽക്ഷണം മരിച്ചു...!
ഈ സംഭവം ട്രെയിനിലുണ്ടായിരുന്നവരാണു കൊല്ലത്ത് അറിയിക്കുന്നത്. വിവരം കൊല്ലത്ത് അറിഞ്ഞയുടൻ കൂടുതൽ പൊലീസുകാരെ ക്യാംപിൽ നിന്ന് ട്രാൻസ്പോർട് ബസിൽ എത്തിച്ചാണു സ്ഥിതിഗതികൾ നിയന്ത്രണാധീനമാക്കിയത്.
ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന നേതാവ് എൻ. ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധവും തുടർന്നുണ്ടായി...
ആരാണ് വെടി വയ്ക്കാൻ ഉത്തരവിട്ടതെന്ന് അന്ന് വെടിവയ്പിൽ പങ്കെടുത്ത പൊലീസുകാർക്കു പോലും അറിയില്ലെന്നതാണു വസ്തുത...!
ആലപ്പുഴ ജില്ല രൂപീകൃതമാകുന്നതിനും മുൻപു, വളരെ വിസ്തൃതമായിരുന്ന കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മൂന്നു പതിറ്റാണ്ടിലേറെ നീണ്ട പൊലീസ് സേവനത്തിനിടെ ഉള്ളുലയ്ക്കുന്ന ഒത്തിരി കാര്യങ്ങൾക്കു സാക്ഷ്യം വഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ഈ സംഭവവും ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ പുളിങ്കുന്ന് പൊലീസ് സ്റ്റേഷനിൽ ഒരണ സമരവുമായി പരോക്ഷ ബന്ധമുള്ള എസ്ഐയുടെ ദാരുണ അന്ത്യവും ഒരിക്കലും മറക്കാൻ കഴിയില്ല, തൊണ്ണൂറ്റി മൂന്നു സംവത്സരമായി ഈ ഭൂമുഖത്തു ജീവിക്കുന്ന ശ്രീപദ്മനാഭ ദാസനായി തിരുവിതാംകൂർ പൊലീസിൽ സേവനം തുടങ്ങിയ ഈ പഴയ പൊലീസുകാരന്...!