 
'വീട്ടുപറമ്പിൽ മോൻ നട്ട ഓറഞ്ചും, സപ്പോർട്ടയും, പേരയും, നെല്ലിയും, ആത്തിയും, ജാമ്പയും എല്ലാം കായ്ച്ചു കിടക്കുന്നത് കാണുമ്പോൾ ഹൃദയം പൊട്ടുന്ന സ്ഥിതിയാണുള്ളത്. ഇത് സഹിക്കാൻ എനിക്ക് കഴിയുന്നില്ല. അവന്റെ അമ്മയുടെ സ്ഥിതി ഇതിലും എത്രയോ ഹൃദയഭേദകമാണ്.'-മകന്റെ വേർപാടിൽ ഹൃദയം നുറുങ്ങുന്ന വേദനയുമായി ഒരച്ഛന്റെ കുറിപ്പ്.
എന്റെ ഏക മകൻ എസ്.എൽ.സമ്പത്ത് വിടപറഞ്ഞിട്ട് ഈ നവംബർ 19 ന് 10 വർഷം തികയുകയാണ്.ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജിൽ ഒന്നാം വർഷ എൻജിനിയറിംഗ് ഡിഗ്രി കോഴ്സിൽ പഠിക്കുമ്പോഴാണ് മകന്റെ വേർപാടുണ്ടായത്. ജേർണലിസം മെയിൻ വിഷയമെടുത്ത് തോന്നയ്ക്കൽ എ.ജെ കോളേജിൽ നിന്ന് ബി.എ ഡിഗ്രി ക്ലാസ്സോടുകൂടി പാസ്സായശേഷമാണ് മകൻ എൻജിനീയറിംഗ് കോളേജിൽ ചേർന്നത്. പ്ലസ്ടു കോഴ്സ് പാസ്സായ ശേഷം തന്നെ എൻജിനീയറിംഗിന് ചേർക്കണമെന്ന് മകൻ സമ്പത്ത് എന്നോടും അവന്റെ അമ്മ ലതാംബികയോടും ആവശ്യപ്പെട്ടിരുന്നു. എൻജിനീയറിംഗ് എൻട്രൻസ് പരീക്ഷയിൽ മോൻ വിജയിക്കുകയും ചെയ്തിരുന്നു. എൻജിനീയറിംഗിന് അഡ്മിഷൻ ലഭിക്കുന്നവരുടെ റാങ്ക് ലിസ്റ്റിൽ മകന്റെ നമ്പരും ഉണ്ടായിരുന്നു. എന്നാൽ എൻജിനീയറിംഗിന് വേണ്ട ഒരു പ്രധാന വിഷയമായ മാത്തമാറ്റിക്സിന് വെറും 50 മാർക്ക് മാത്രമേ മകനുണ്ടായിരുന്നുള്ളു എന്നതു കൊണ്ടാണ് അന്ന് എൻജിനീയറിംഗ് കോഴ്സിന് അയയ്ക്കാതിരുന്നത്. പ്ലസ്ടു പാസ്സായ ഉടൻ തന്നെ എൻജിനീയറിംഗിന് അവനെ അയയ്ക്കേണ്ടതായിരുന്നുവെന്ന് എനിക്ക് പിന്നീട് തോന്നിയിട്ടുണ്ട്. എന്റെ ഭാഗത്തുനിന്നുള്ള ഒരു തെറ്റായിരുന്നു അത്.
എന്തായാലും ഡിഗ്രി കോഴ്സ് റിസൾട്ട് വന്ന ഉടൻതന്നെ മകന്റെ നിർബന്ധം മൂലം അവനെ എൻജിനീയറിംഗ് കോളേജിൽ ചേർത്തു. തന്റെ ചിരകാല അഭിലാഷമായ എൻജിനീയറിംഗിന് ചേരണമെന്ന ആഗ്രഹം നിറവേറ്റാൻ കഴിഞ്ഞെങ്കിലും കോഴ്സിന്റെ ഒന്നാം വർഷം തന്നെ മകൻ ലോകത്തോട് വിടപറയുകയാണ് ചെയ്തത്.
പ്ലസ്ടു കോഴ്സിന് അവന്റെ അമ്മ വി.ലതാംബിക പ്രിൻസിപ്പലായ ഉഴമലയ്ക്കൽ ഹയർ സെക്കന്ററി സ്കൂളിലായിരുന്നു പഠിച്ചത്. അമ്മയോടൊപ്പം സ്കൂളിൽ പോകുകയും അമ്മയോടൊപ്പം തന്നെ വിട്ടീൽ തിരിച്ചെത്തുകയും ചെയ്യുന്ന മകന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സിലുണ്ട്. സ്കൂളിൽ ലളിതഗാനം, പ്രസംഗമത്സരം, ഡാൻസ് തുടങ്ങിയ കലാപരിപാടികളിൽ കൃത്യമായും പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. ഇന്റർ സ്കൂൾ യൂത്ത്ഫെസ്റ്റിവലിലും പങ്കെടുത്ത് വിജയതിലകമണിയാനും മകന് കഴിഞ്ഞിട്ടുണ്ട്. അദ്ധ്യാപകർക്ക് നല്ലതുമാത്രമേ സമ്പത്തിനെ പറ്റി എന്നും പറയാനുണ്ടായിരുന്നുള്ളൂ.
പ്രതികരണശേഷി മകന് വളരെ കൂടുതലായിരുന്നു. അതിന്റെ ഭാഗമായി ചില സംഭവങ്ങളും നടന്നിട്ടുണ്ട്. അമ്മയോടൊപ്പം ബസ്സിൽ യാത്രചെയ്യുന്ന സമയത്ത് പുതുകുളങ്ങരയിൽ അതുവഴി വന്ന ഉത്സവഘോഷയാത്രയുടെ ആളുകൾ ആ ബസ് മണിക്കൂറുകളോളം തടഞ്ഞു. ഒടുവിൽ മകൻ ബസിൽ നിന്നും പുറത്തിറങ്ങി ശക്തമായി പ്രതികരിക്കുകയും അത് മകനെ ഈ ഘോഷയാത്രയിലെ ചില ആളുകൾ കൈയ്യേറ്റം ചെയ്യുന്നതിന്റെ വക്കോളം എത്തുകയും ചെയ്തിട്ടുണ്ട്.
കോളേജിൽ ഒരു വിദ്യാർത്ഥി പ്രശ്നത്തിൽ പഠിപ്പു മുടക്കിയ വിദ്യാർത്ഥികൾ മകന്റെ ക്ലാസിൽ ചെന്ന് കുട്ടികൾ ഉടൻ ക്ലാസ് ബഹിഷ്കരിക്കണമെന്ന് ഭീഷണിയുടെ സ്വരത്തിൽ ആവശ്യപ്പെട്ടപ്പോൾ മകൻ തങ്ങൾ പഠിപ്പു തുടരാൻ തന്നെ തീരുമാനിച്ചിരിക്കുകയാണെന്നും, അതിന് ആരുടേയും ഭീഷണി വേണ്ടെന്നും പറഞ്ഞതും ഒരു സംഘർഷത്തിന് ഇടയാക്കിയിട്ടുണ്ട്. സമരനേതാക്കളിൽ ചിലർ ഇതിന്റെ പേരിൽ അന്ന് മകനെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു.
ആളുകളുമായുള്ള മകന്റെ ഇടപെടൽ അങ്ങേയറ്റം ആദരവ് പിടിച്ചു പറ്റുന്നതായിരുന്നു. കേരള കൗമുദി പത്രാധിപരായിരിക്കെ ശ്രീ.എം. എസ്.മണിയെ കാണാൻ പോയപ്പോൾ മകനും കൂടെ വരികയുണ്ടായി. ഞാൻ മകനെ അദ്ദേഹത്തിന് പരിചയപ്പെടുത്തി. അന്ന് മകൻ ഡിഗ്രിക്ക് പഠിക്കുകയായിരുന്നു. മണിസാർ മകനോട് പല കാര്യങ്ങളും ചോദിച്ചു. അതിനെല്ലാം മകൻ ഉത്തരം നൽകുകയും ചെയ്തു. തിരിച്ചിറങ്ങുമ്പോൾ മണിസാർ എന്നോട് പറഞ്ഞത് ഞാൻ ഓർക്കുകയാണ് ''ഇത്രയും വിനയവും വിവരവും കഴിവുമുള്ള മകനെ സുഗുണൻ രാഷ്ട്രീയത്തിൽ അയയ്ക്കണം. മോൻ ആ രംഗത്ത് നിശ്ചയമായും ശോഭിക്കും."" നിർഭാഗ്യവശാൽ അതിനുള്ള അവസരം ഉണ്ടായില്ല. അവൻ നമ്മെ വിട്ടുപോയല്ലോ.
കോളേജ് അവധി ദിവസങ്ങളിൽ ചിലപ്പോഴെല്ലാം മോൻ എന്റെ കാറിൽ എന്നോടൊപ്പം വരുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായ എന്റെ പാർട്ടി യോഗങ്ങളിൽ ചിലപ്പോഴെല്ലാം മോൻ ഗാനാലാപനം നടത്തുകയും ചെയ്തിട്ടുണ്ട് .
സ്കൂളിലും പഠിച്ച കോളേജുകളിലും നല്ല അഭിപ്രായം മാത്രമേ മോനെപ്പറ്റി അധ്യാപകർ പറഞ്ഞിട്ടുള്ളൂ. എങ്കിലും പ്രശസ്തമായ ഒരു കോളേജിൽ ചേർന്ന് പഠിക്കണമെന്നുള്ള എന്റെ കുട്ടിയുടെ ആഗ്രഹം പൂർത്തിയാക്കാൻ പിതാവായ എനിക്ക് കഴിയാതെ പോയതിൽ ഇപ്പോൾ വേദനയുണ്ട്. രാഷ്ട്രീയക്കാരുടെ മക്കൾ രാജ്യത്തിനകത്തും, പുറത്തുമുള്ള പ്രശസ്തമായ കലാലയങ്ങളിലല്ലേ പഠിക്കുന്നതെന്ന് ഒരു പ്രാവശ്യം മകൻ എന്നോട് ചോദിച്ചിട്ടുണ്ട്.
ഡിഗ്രി കോഴ്സിന് ജേർണലിസം മെയിൻ ആയെടുത്ത് പാസായ മകൻ ട്രെയിനിംഗിനായി കേരളകൗമുദി പത്രമാഫീസിലും, റിപ്പോർട്ടർ ചാനലിലുമാണ് പോയത്. ഈ രണ്ട് സ്ഥാപനങ്ങളിൽ നിന്നും മോനെ പറ്റി വളരെ നല്ല അഭിപ്രായമാണ് ബന്ധപ്പെട്ട മാധ്യമ പ്രവർത്തകർ എന്നോട് പറഞ്ഞിട്ടുള്ളത്.
മകൻ നല്ലതുപോലെ പാടുകയും ഡാൻസ് ചെയ്യുകയും ഒക്കെ ചെയ്യുമായിരുന്നു. എന്നാൽ ഈ കലാവാസന പരിപോഷിപ്പിക്കുന്നതിനും, അതിനു വേണ്ട മതിയായ പഠനവും പ്രോത്സാഹനവും നൽകുന്നതിനും പിതാവായ എനിക്ക് കഴിയാതെ പോയി. എന്റെ അശ്രദ്ധയും അതിന് കാരണമായേക്കാം. പാട്ടുപഠിപ്പിക്കുവാനോ, അവന്റെ കലാവാസനയെ പുഷ്ടിപ്പെടുത്തുന്നതിനോ സാധിക്കാതെ പോയതിൽ വലിയ വേദനയാണ് ഇപ്പോഴുള്ളത്.
മകന്റെ വേർപാടിനുശേഷം ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു. വീട്ടിലെ മകന്റെ റൂമിൽ അവന്റെ കട്ടിലിൽ ഇപ്പോഴും ദിവസവും ഷീറ്റ് വിരിച്ചിടുകയും, വിശേഷ ദിവസങ്ങളിൽ മോന് ഇഷ്ടപ്പെട്ട ഭക്ഷണം വച്ച് കൊടുക്കുകയും ചെയ്യുന്ന അവന്റെ അമ്മയ്ക്കോ എനിക്കോ മോനെ മറക്കാൻ ഇനിയും കഴിയുമെന്ന് തോന്നുന്നില്ല. മകന്റെ മുറി മകന് വേണ്ടി മാത്രം ഇപ്പോഴും അമ്മ ഒഴിച്ചിട്ടിരിക്കുകയാണ്. എല്ലാ വർഷവും മകന്റെ ജന്മനാളിലും മരണദിവസും ഉഴമലയ്ക്കൽ വീട്ടിലെ മകന്റെ ശവകുടീരത്തിൽ പുഷ്പമാല്യങ്ങൾ അർപ്പിക്കുന്ന അവന്റെ മാതാവിനെ കാണുന്നത് ഹൃദയഭേദകമാണ്. മകന്റെ ശവകുടീരത്തിൽ പൂമാലകൾകൊണ്ട് നിറയ്ക്കുകയും അത് കാത്തു സൂക്ഷിക്കുകയും ചെയ്യുന്നത് ഇപ്പോഴും അമ്മ തുടരുകയാണ്.
വീട്ടുപറമ്പിൽ മോൻ നട്ട ഓറഞ്ചും, സപ്പോർട്ടയും, പേരയും, നെല്ലിയും, ആത്തിയും, ജാമ്പയും എല്ലാം കായ്ച്ചു കിടക്കുന്നത് കാണുമ്പോൾ ഹൃദയം പൊട്ടുന്ന സ്ഥിതിയാണുള്ളത്. ഇത് സഹിക്കാൻ എനിക്ക് കഴിയുന്നില്ല. അവന്റെ അമ്മയുടെ സ്ഥിതി ഇതിലും എത്രയോ ഹൃദയഭേദകമാണ്.
പൊതുപ്രവർത്തകൻ എന്ന നിലയിൽ എപ്പോഴും ആൾക്കൂട്ടത്തിനിടയിലാണ്  ഞാൻ ജീവിക്കുന്നത്. സുഹൃത്തുക്കളും, അനുയായികളും, പാർട്ടി ബന്ധുക്കളും കുടുംബക്കാരുമെല്ലാം ധാരാളമുണ്ട്. എങ്കിലും ലാളിച്ചു വളർത്തിയ ഏക മകന്റെ വേർപാടിനെ സംബന്ധിച്ചുള്ള ഹൃദയഭേദകവും, വേദനിപ്പിക്കുന്നതുമായ ഓർമ്മകൾ ആൾക്കൂട്ടത്തിൽ തനിയെ ആയിപ്പോയ ഒരാളിന്റെ സ്ഥിതിയാണ്  എന്നിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇത് വെറും തോന്നലാണെന്നുള്ളതും തന്നോടൊപ്പം വലിയൊരു സമൂഹം ഉണ്ടെന്നുമുള്ള യാഥാർത്ഥ്യം ഞാൻ  വിസ്മരിക്കുന്നില്ല.
മോനെ, ഈ അമ്മയേയും അച്ഛനേയും തനിച്ചാക്കി എന്നെന്നേക്കുമായി നീ യാത്രയായി. നീ ഞങ്ങളെ വിസ്മരിക്കുമെന്ന് ഒരിക്കലും ഞങ്ങൾ കരുതുന്നില്ല. നിനക്കതിന് കഴിയുമെന്നും തോന്നുന്നില്ല. ത്രസിക്കുന്ന നിന്റെ നിറഞ്ഞ ഓർമ്മകളും, പുഞ്ചിരിക്കുന്ന മുഖവും നിന്റെ പൊട്ടിച്ചിരികളും എപ്പോഴും ഞങ്ങളുടെ ഹൃദയത്തിലുണ്ട് മോനെ!
(ലേഖകന്റെ ഫോൺ നമ്പർ : 9847132428)