ഐ.എഫ്.എഫ്.കെയിൽ മലയാള സിനിമ ഇന്ന് വിഭാഗത്തിൽ തന്റെ സിനിമ തിരഞ്ഞെടുക്കപ്പെട്ടതിന്റെ ആഹ്ളാദത്തിൽ കുഞ്ഞില മാസിലാമണി

ഇത്തവണത്തെ ഐ.എഫ്.എഫ്.കെ യിൽ മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിൽ കുഞ്ഞില മാസിലാമണി എന്ന നവാഗത സംവിധായകയുടെ പേര് വായിക്കാം. ജിയോ ബേബി സംവിധാനം ചെയ്ത ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിൽ 'അസംഘടിതർ" ഒരുക്കിയ കുഞ്ഞില. അതിനു മുൻപ് കുഞ്ഞില മാസിലാമണി എന്ന പേര് മലയാളി പ്രേക്ഷകർക്ക് പരിചിതമല്ല.സിനിമയെക്കുറിച്ചും ജീവിതാനുഭവങ്ങളെക്കുറിച്ചും കുഞ്ഞില സംസാരിച്ചു.
ഫ്രീഡം ഫൈറ്റ് ഐ.എഫ്.എഫ്.കെ യിൽ മലയാള സിനിമ ഇന്ന് വിഭാഗത്തിലേക്ക് തിരഞ്ഞെടുത്തല്ലോ ?
ഏറെ സന്തോഷം തോന്നുന്നു.ഫ്രീഡം ഫൈറ്റ് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു എന്നറിയുന്നതിലാണ് സന്തോഷം.ഒപ്പം വലിയ ഉത്തരവാദിത്വവും നൽകുന്നു.
സംവിധാനമാണോ താല്പര്യം?
സംവിധാനത്തിനൊപ്പം എഴുത്തും താത്പര്യം.സിനിമ എന്റെ പാഷനും, തൊഴിലുമാണ്. ഡിഗ്രി പഠനകാലത്താണ് സിനിമ ചെയ്യണമെന്ന ആഗ്രഹം വളരുന്നത്. പിന്നീട് അങ്ങോട്ട് അതിനായുള്ള ശ്രമങ്ങളായിരുന്നു.
കുഞ്ഞില മസിലാമണി എന്ന പേരിൽ ഒരു കൗതുക മുണ്ടല്ലോ?
കുഞ്ഞില എന്നത് കുന്നംകുളം ഭാഗത്ത് ഒരു സാധാരണ പേരാണ്. ഞാൻ മനസു കൊണ്ട് ആ നാടുമായി വളരെ അടുത്തു നിൽക്കുന്നു. മാസിലാമണി എന്നത് കുടുംബപ്പേരായിരുന്നു. ഇടയ്ക്ക് അത് ഒഴിവാക്കിയതാണ് , പിന്നേയും തിരിച്ചെടുത്തു.
സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനകാലം?
സിനിമയെക്കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനുമുള്ള താത്പര്യമാണ് കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിലെ ഡിഗ്രി പഠനശേഷം കൊൽക്കത്തയിലെ സത്യജിത് റേ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചത്. ഡിപ്ളോമ ഇൻ ഡയറക്ഷൻ ആന്റ് സ്ക്രീൻപ്ളേ റൈറ്രിംഗ് ആയിരുന്നു വിഷയം. അവിടെ ചില പ്രൊഫസർമാരിൽ നിന്നുമുള്ള സമീപനം വളരെ മോശമായിരുന്നു. ചില അദ്ധ്യാപകരിൽ നിന്ന് ചില വിദ്യാർത്ഥിനികൾക്ക് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നിട്ടുണ്ട് . അതുകൊണ്ടുതന്നെ അവിടുത്തെ പഠനം ഗുണകരമായിരുന്നില്ല. അവർക്കെതിരെയുള്ള ഞങ്ങളുടെ സമരങ്ങളും പരാതികളും പരിഗണിച്ച് അന്വേഷണം നടത്തിയ ആഭ്യന്തര പരാതി സമിതിയുടെ റിപ്പോർട്ട് പ്രകാരം കുറ്റക്കാരായ അദ്ധ്യാപകരെ പിരിച്ചു വിട്ടിരുന്നു. ഇത് സംബന്ധിച്ച കേസ് ഇപ്പോഴും കൊൽക്കത്ത ഹൈക്കാടതിയിലുണ്ട്.
ഹ്രസ്വ ചിത്രങ്ങളിൽനിന്ന് സിനിമ ?
തീർച്ചയായും. പതിമൂന്ന് വർഷം മുൻപ് Wake me Up...When i die എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്താണ് തുടക്കം. അതിനുശേഷം നുണക്കഥകൾ, പട്ട്, ഗൃഹപ്രവേശം, ഗി തുടങ്ങിയ ഹ്രസ്വ ചിത്രങ്ങൾ ചെയ്തു.
വിബ്ജിയോർ ഷോർട്ട് ഫിലിം ആൻഡ് ഡോക്യുമെന്റ്റി ഫെസ്റ്റിവലിൽ Wake Me Up.. When I Die യ്ക്ക് മികച്ച നവാഗത സംവിധായികയ്ക്കുള്ള അവാർഡ് ലഭിച്ചു.
'അസംഘടിതർ "എങ്ങനെ ആദ്യ ചിത്രമായി മാറി?
ജിയോ ബേബി വിളിച്ച് ഒരു ആന്തോളജി സിനിമ ചെയ്യുന്നുണ്ടെന്നും അതിൽ ഭാഗമാകാൻ താത്പര്യമുണ്ടോയെന്നും ചോദിച്ചപ്പോൾ ഓക്കെ പറഞ്ഞു. അങ്ങനെയാണ് ഡോക്യുമെന്ററി ആക്കാൻ ഒരുങ്ങിയ അസംഘടിതർ ചില മാറ്റങ്ങൾ വരുത്തി സിനിമയാക്കിയത്.
പെൺകൂട്ടിനെക്കുറിച്ചും വിജിയെ കുറിച്ചും?
വിജി ചേച്ചിയുമായി പണ്ടു മുതലേ നല്ല ബന്ധമുണ്ട്. പെൺകൂട്ടിനെക്കുറിച്ചും വിജി ചേച്ചിയേക്കുറിച്ചുമെല്ലാം പറയുന്ന ഒരു ഡോക്യുമെന്ററി ചെയ്യണം എന്ന് ഉണ്ടായിരുന്നു. അതിനായുള്ളചിത്രീകരണം ആരംഭിച്ചിരുന്നു. എന്നാൽ ചില കാരണങ്ങളാൽ അത് ഇടയ്ക്ക് തടസ്സപ്പെട്ടു. പിന്നീട് ജിയോ ബേബിയുടെ വിളി വന്ന ശേഷം അത് സിനിമയാക്കാൻ തീരുമാനിച്ചു.
യഥാർത്ഥ കഥാപാത്രങ്ങളെ സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടോ?
സമരത്തിൽ പങ്കെടുത്തവരെയൊക്കെ വേറെ വേഷങ്ങളിലായി സിനിമയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
വനിത ചലച്ചിത്ര മേളയിലെ സിനിമകളുടെ തിരഞ്ഞെടുപ്പ് മാനദണ്ഡം എന്താണെന്ന് കുഞ്ഞില ഉയർത്തിയ ചോദ്യം ഉത്തരം കിട്ടാതെ തുടരുന്നു ?
അതെ. ഇപ്പോഴും ഒരിടത്തു നിന്നും ഉത്തരം കിട്ടിയിട്ടില്ല. ഇനി ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
പുതിയ സിനിമ?
ഒരു മെഡിക്കൽ ത്രില്ലർ എഴുതുന്നുണ്ട്. അത് സിനിമയാക്കാനുള്ള തയ്യാറെടുപ്പിലാണ് . ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ സിനിമയിൽ അസോസിയേറ്ര് ഡയറക്ടറാണ്.