
കാർത്തികമാസ നീലാകാശത്തെളിമയിൽ തുലാവോദയം ദീപാരാധന നടത്തവേ കോലത്തുനാട്ടിൽ തെയ്യക്കാലത്തിന്റെ തിരശീല ഉയരുന്നു.താഴിട്ടുപൂട്ടിയ കൊവിഡ് കാലത്തെ ശാരീരിക അകലം പാലിച്ച, മുഖവും മനസും മൂടിയ, ഇരുളു നീങ്ങിയ രണ്ടാണ്ടുകളിൽ തിരുമുറ്റങ്ങളിലെ തെയ്യചിലമ്പൊലി നിലച്ചുപോയിരുന്നു. മൂകതയുടെയും ജാഗ്രതയുടെയും ആ നാളുകൾക്ക് വിരാമമാകുമ്പോൾ ഉത്സവങ്ങളുടെ ഉത്സാഹത്തിരിനാളം വീണ്ടും തെളിയുകയായി.ചെണ്ടവാദ്യത്തിന്റെ - വാൾത്തലക്കിലുക്കത്തിന്റെ താളസ്വരങ്ങളും, കത്തുന്ന തിരിയുടെ - അരിമഞ്ഞൾക്കുറിയുടെ നറുഗന്ധവും, കോലങ്ങളുടെ - കോമരങ്ങളുടെ ഉറഞ്ഞാട്ടവും, ഉരിയാട്ടിന്റെ -കുറുങ്കുഴലിന്റെ ധ്വനി മുഴക്കങ്ങളും എല്ലാമെല്ലാം ഉത്തര മലബാറിലെ ഗ്രാമത്തനിമകളുടെ പൈതൃക നന്മകളാണ്.പത്താമുദയത്തോടെ പ്രധാന തിരുവരങ്ങുകൾ ഉണരുന്നു. ഇടവപ്പാതിയിൽ മാടായിക്കാവിലും കളരിവാതുക്കലും മന്ദമ്പുറത്തും തായ്പരദേവതയുടെ തിരുമുടി ഉയർന്നു താഴുന്നതോടെ തെയ്യാട്ടങ്ങൾക്ക് താത്കാലിക വിരാമമാകുന്നതാണ് പതിവ്. കോലത്തിരി രാജാവിന്റെ കുലപരദേവതയാണ് തായ് പരദേവതയായ തിരുവർക്കാട്ട് ഭഗവതി.തെയ്യക്കോലങ്ങളുടെ കുലപതിയായ കരിവെള്ളൂർ മണക്കാടൻ ഗുരുക്കൾ ശതകങ്ങൾക്ക് മുമ്പ് കോലത്തിരി രാജാവിന്റെ ആചാരപ്രകാരം തെയ്യക്കോലങ്ങൾ രൂപപ്പെടുത്തി തെയ്യാട്ടം ആദ്യമാരംഭിച്ചുവെന്നതാണ് പുരാവൃത്തം. 'ഒന്നുകുറവ് നാല്പത്" (39) തെയ്യങ്ങളാണ് ആദിമകോലങ്ങളായി ആരാധിക്കപ്പെട്ടിരുന്നതത്രെ.നാടൻ കലയുടെ, നാട്ടുവഴക്കത്തിന്റെ താളിയോലത്താളുകളിൽ 'തെയ്യ"മെന്ന അനുഷ്ഠാന നിർവഹണത്തിന് സവിശേഷമായ പ്രാധാന്യമുണ്ട്. വിശ്വാസത്തിന്റെ തായ്വേരുകളിലൂടെ ഭക്തിയും അനുഭവങ്ങളുമായി പടർന്നു പന്തലിച്ചു നില്ക്കുന്ന ഊർജ്ജദായകമായ നാട്ടുകൂട്ടായ്മയാണ് കളിയാട്ടങ്ങൾ.ദൈവം എന്ന പദം പരിണമിച്ചുണ്ടായ 'തെയ്യം," ദേവതാരൂപങ്ങളെ കെട്ടിയാടിക്കുന്ന അനുഷ്ഠാനവും ആചരണവുമാണ്. സാധാരണക്കാരായ ഗ്രാമവാസികൾക്ക്, അനുഗ്രഹിക്കാനും നിഗ്രഹിക്കാനും ശേഷിയുള്ള സാക്ഷാൽ ദൈവങ്ങളെ മുഖാമുഖം ദർശിക്കുവാനുള്ള സന്ദർഭങ്ങളാണിത്. സങ്കട പരിഹാരാർത്ഥം നേർച്ചകളും പ്രാർത്ഥനകളും നേരിട്ട് സമർപ്പിച്ച് അവർ സംതൃപ്തരാകുന്നു.രൂപഭാവങ്ങളിൽ ചലനവാചാലുകളിൽ ചരിത്ര പുരാസങ്കല്പങ്ങളിൽ വിഭിന്നങ്ങളാണ് ഓരോ തെയ്യവും.വൈവിദ്ധ്യപൂർണമായ ദൈവ സങ്കല്പങ്ങളിൽ - അംബര ചുംബികളായ തിരുമുടിയേന്തുന്ന തായ്പരദേവത, വലിയ ഭഗവതി, വല്ലാർകുളങ്ങര ഭഗവതി, വെള്ളടക്കത്ത് ഭഗവതി തുടങ്ങിയ അമ്മദേവതമാരും മടയിൽ ചാമുണ്ഡി, രക്തചാമുണ്ഡി, കുണ്ടോറ ചാമുണ്ഡി, വീരചാമുണ്ഡി തുടങ്ങിയ യുദ്ധദേവതമാരും പൂമാല ഭഗവതി, ആരിയ പൂങ്കന്നി, ചുഴലി ഭഗവതി തുടങ്ങിയ മരതല ദേവതമാരും മുച്ചിലോട്ട് ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി, കക്കരഭഗവതി തുടങ്ങിയ ഗ്രാമദേവതമാരും കതിവന്നൂർ വീരൻ, പെരുമ്പുഴയച്ഛൻ, വേട്ടക്കൊരുമകൻ തുടങ്ങിയ രണവീര ദേവതകളും നാഗരാജാവ്, നാഗകന്നി, നാഗപ്പോതി തുടങ്ങിയ നാഗദേവതകളും ഉച്ചിട്ട, ഭൈരവൻ, കുട്ടിച്ചാത്തൻ തുടങ്ങിയ മന്ത്രമൂർത്തികളും ബാലി, സുഗ്രീവാദി ഇതിഹാസ കഥാപാത്രങ്ങളും, പുലിദൈവങ്ങൾ, നായാട്ടുദേവതകൾ, രോഗ ദേവതകൾ, ഉച്ചാടന ദേവതകൾ തുടങ്ങിയ തെയ്യങ്ങളുമായി പരശ്ശതം ദൈവസങ്കല്പങ്ങളെ കളിയാട്ടക്കാലത്ത് ഗ്രാമക്ഷേത്രാങ്കണങ്ങളിൽ കെട്ടി ആരാധിച്ചുവരുന്നു.മിക്ക തെയ്യങ്ങൾക്കും ചെറിയ മുടിയണിഞ്ഞുള്ള വെള്ളാട്ടരൂപം (തോറ്റം) രാത്രി തിരുവരങ്ങിലെത്താറുണ്ട്. പല ക്ഷേത്രങ്ങളിലും തെയ്യത്തോടൊപ്പം തിരുവായുധം എഴുന്നള്ളിച്ച് ഉറഞ്ഞാടുന്ന കോമരം (വെളിച്ചപ്പാട്) കളിയാട്ടത്തിന്റെ ഭാഗമാണ്.സാധാരണ വാർഷിക കളിയാട്ടവും, ഇടവിട്ട വർഷങ്ങളിലെ കളിയാട്ടവും, അപൂർവമായി നീണ്ട ഇടവേളകൾക്ക് ശേഷം പെരുങ്കളിയാട്ടവും നടന്നുവരുന്നു. ഗ്രാമമനസിൽ, സാന്ത്വനവും സന്തോഷവും പകരുന്ന ഉത്സവത്തനിമ നിറഞ്ഞതാണ് ഉത്തര കേരളത്തിലെ കളിയാട്ടക്കാലം.