തൃശ്ശൂർ കേന്ദ്രമായി പത്തോ പതിനഞ്ചോ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുക എന്ന ആശയത്തിൽ തുടങ്ങിയ സൊലസ് ഇന്ന് ഒൻപതു ജില്ലകളിലായി പത്തു സെന്ററുകളിലൂടെ 4000 ത്തോളം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി നിലകൊള്ളുന്നു

ഷീബ അമീർ
മക്കളുടെ അസുഖം, വേദന ഇതൊക്കെ ഏറ്റവും വിഷമിപ്പിക്കുന്നത് അമ്മമാരെയാണ്. അവരുടെ എല്ലാ ശ്രദ്ധയും തന്റെ കുഞ്ഞിനെ അസുഖത്തിന്റെയും വേദനയുടെയും ലോകത്തുനിന്നും മുക്തരാക്കുന്നതിൽ ആയിരിക്കും. എന്നാൽ അപൂർവ്വം ചില അമ്മമാരെങ്കിലും ആ അവസരത്തിലും തന്റെ ചുറ്റുമുള്ള മറ്റ് മാതാപിതാക്കളെ ശ്രദ്ധിക്കുവാനും അവരുടെ ദുഃഖത്തെ തന്റെ ദുഃഖമാക്കി മാറ്റി അവർക്ക് ഒരു സഹായഹസ്തമായി മാറാനും ശ്രമിക്കും. അങ്ങനെയുള്ള ഒരു വ്യക്തിയാണ് തൃശ്ശൂർ സ്വദേശിനിയായ ഷീബ അമീർ.
ഒരു സാധാരണ വീട്ടമ്മയായിരുന്ന ഷീബയുടെ ജീവിതം മാറിമറിഞ്ഞത് 13 വയസ്സ് മാത്രം പ്രായമുള്ള തന്റെ പൊന്നുമകൾ നീലു എന്ന് എല്ലാവരും ലാളനയോടെ വിളിച്ചുപോന്ന നിലൂഫാ അമീർ കാൻസർ ബാധിതയായി മുംബൈ ടാറ്റ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടപ്പോഴാണ്. മൂന്നുവർഷത്തോളം നീണ്ട ആശുപത്രി വാസത്തിൽ അവിടെ കണ്ട പല കാഴ്ചകളും ഷീബയുടെ മനസ്സിനെ മഥിക്കുന്നതായിരുന്നു. തങ്ങളുടെ മക്കൾക്ക് ആവശ്യമായ മരുന്നോ ഭക്ഷണമോ വാങ്ങിക്കൊടുക്കാനുള്ള സാമ്പത്തികശേഷിയില്ലാതെ ബുദ്ധിമുട്ടുന്ന മാതാപിതാക്കൾ, അച്ഛനില്ലാത്ത കുട്ടികളെ തനിച്ചാക്കി തുച്ഛമായ വേതനത്തിനുവേണ്ടി ജോലിക്ക് പോകുന്ന അമ്മമാർ, തന്റെ കുഞ്ഞ് മരണത്തിന് കീഴടങ്ങുന്നത് കാണാൻ കരുത്തില്ലാതെ തിരിഞ്ഞുനിന്ന് കരയുന്ന അമ്മമാർ, എല്ലാം ഹൃദയഭേദകമായ കാഴ്ചകൾ. ഈ അനുഭവങ്ങൾ ഷീബയെ ഒരു തീരുമാനത്തിൽ എത്തിച്ചു. നാട്ടിൽ മടങ്ങിയെത്തിയാൽ ഇതുപോലെയുള്ള ദീർഘകാല ചികിത്സ ആവശ്യമായ കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും തന്നെ കൊണ്ട് ആവുംവിധം സഹായിക്കുക.
കാൻസർ മോചിതയായെങ്കിലും ചികിത്സയുടെ പാർശ്വഫലങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന മകളുമായി തിരിച്ചെത്തിയ ഷീബ തന്റെ തീരുമാനം നടപ്പാക്കുന്നതിന്റെ ആദ്യപടി എന്ന നിലയിൽ നീണ്ട ഏഴു വർഷം ജില്ലാ പാലിയേറ്റീവ് കെയർ യൂണിറ്റിലും പാലിയം ഇന്ത്യയോടൊപ്പവും നിന്ന് സാന്ത്വന ചികിത്സയെപ്പറ്റിയും സംഘടനാ പ്രവർത്തനത്തെപ്പറ്റിയും പഠിച്ചു. ശേഷം 2007ൽ സൊലസ് എന്ന സ്വന്തം ജീവകാരുണ്യ പ്രവർത്തന സ്ഥാപനം തുടങ്ങി.തൃശ്ശൂർ കേന്ദ്രമായി പത്തോ പതിനഞ്ചോ കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കുക എന്ന ആശയത്തിൽ തുടങ്ങിയ സൊലസ് ഇന്ന് ഒൻപതു ജില്ലകളിലായി പത്തു സെന്ററുകളിലൂടെ 4000 ത്തോളം കുട്ടികൾക്കും കുടുംബങ്ങൾക്കും ആശ്വാസമായി നിലകൊള്ളുന്നു.2019 നവംബറിൽ ആരംഭിച്ച തിരുവനന്തപുരം സൊലസിൽ രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണം 900 ത്തിന് അടുത്ത് എത്തിനിൽക്കുന്നു. മെഡിക്കൽ കോളേജിന് എതിർവശം രാജീവ് ഗാന്ധി നഗറിലാണ് പ്രസ്തുത സെന്റർ പ്രവർത്തിക്കുന്നത്.സാമ്പത്തിക സഹായത്തിലും ഭക്ഷണ കിറ്റിലും ഒതുങ്ങുന്നതല്ല സൊലസിന്റെ സാന്ത്വനം. സൊലസിൽ രജിസ്റ്റർ ചെയ്യുന്ന ഓരോ കുഞ്ഞിന്റെയും കുടുംബത്തിന്റെ മൊത്തമായ സന്തോഷത്തിലും സമാധാനത്തിലും സൊലസ് ശ്രദ്ധിക്കുന്നു. വയ്യാത്ത കുഞ്ഞിന്റെ സഹോദരങ്ങൾ ഉണ്ടെങ്കിൽ അവരുടെ വിദ്യാഭ്യാസവും വളർച്ചയും, വീട്ടിൽ അസുഖബാധിതരായ മറ്റ് അംഗങ്ങൾ ഉണ്ടെങ്കിൽ അവരുടെ കാര്യങ്ങളും ശ്രദ്ധിക്കുക, കുടുംബത്തിന്റെ മാനസിക ഉല്ലാസത്തിന് സഹായകരമായ കൂടിച്ചേരലുകൾ സംഘടിപ്പിക്കുക. ഈ വക കാര്യങ്ങളിൽ, പ്രത്യേകിച്ച് വയ്യാത്ത കുഞ്ഞുങ്ങളെയും അവരുടെ സഹോദരങ്ങളുടെയും കാര്യത്തിൽ കൂടുതൽ ഇടപെടാൻ സാധിക്കുന്നത് അവരെക്കാൾ സ്വല്പം കൂടി മുതിർന്നവർക്കായിരിക്കും എന്ന് മനസ്സിലാക്കി യൂത്ത് സൊലസ് എന്നൊരു സംഘടന കൂടി ഉണ്ടാക്കിയിട്ടുണ്ട്. കോളേജ് വിദ്യാർത്ഥികൾ ആണ് യൂത്ത് സൊലസിലെ അംഗങ്ങൾ. സൊലസിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കുട്ടികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ ചെറിയ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുക, അവരുടെ ജന്മദിനങ്ങൾ ആഘോഷിക്കുക, അവരെ പാർക്കുകളിലും ബീച്ചുകളിലും കൊണ്ടുപോയി പുറംലോകവുമായി ബന്ധപ്പെടുത്തുക തുടങ്ങിയ പ്രവർത്തനങ്ങളിൽ യൂത്ത് സൊലസിലെ അംഗങ്ങൾ വളരെ ആവേശത്തോടെ പങ്കെടുക്കുന്നു. മദ്യ - ലഹരി മാഫിയകളുടെ കയ്യിൽ പെടാതെ ജീവിതത്തിന്റെ ഇന്നുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു മുഖം കൂടി കാണാനും മനസ്സിലാക്കാനും സമൂഹത്തിന് നന്മ ചെയ്യുന്നവരായി വളർന്നു വരാനും ഈ പ്രവർത്തികൾ യുവതക്ക് മാർഗ്ഗദർശകമാവുന്നു.ഈ ഉദ്യമത്തിന് ശക്തി പകരാനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആളുകൾ, കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ, കൈകോർക്കുന്നു. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങൾ, ഖത്തർ, ഇംഗ്ലണ്ട്, സൊലസിന്റെ വേരുകൾ ഭൂഖണ്ഡങ്ങൾ താണ്ടുന്നു. മകളെ ശുശ്രൂഷിക്കുന്നതിനൊപ്പം ഇങ്ങനെയൊരു സംരംഭം തുടങ്ങുന്നതിനോട് വീട്ടുകാർക്ക് ആദ്യം യോജിപ്പില്ലായിരുന്നുവെങ്കിലും ഇന്ന് എല്ലാവരും, ഷീബയുടെ ഭർത്താവ് അമീർ അലിയും മകൻ നിഖിൽ അമീറും ഉൾപ്പെടെ കുടുംബാംഗങ്ങൾ എല്ലാവരും ഒപ്പം നിൽക്കുന്നു.
സുഖമില്ലാത്ത കുട്ടികൾക്ക് ആശുപത്രിവാസം കഴിഞ്ഞ് കുറച്ചുദിവസം വൃത്തിയുള്ള ചുറ്റുപാടിൽ കഴിയാൻ സഹായിക്കുന്ന ഒരു റിസ്പ്പയിറ്റ് സെന്റർ തൃശ്ശൂരിനടുത്ത് കിരാലൂരിൽ പ്രവർത്തിക്കുന്നുണ്ട്. ഫിസിയോതെറാപ്പി നൽകാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിരിക്കുന്നു. വയ്യാത്ത കുഞ്ഞുങ്ങളുടെ അമ്മമാരെ സഹായിക്കാനും അവരെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കാനുമുള്ള നിരവധി പ്രവർത്തനങ്ങൾ സൊലസ് നടത്തുന്നു. തയ്യൽ അറിയാവുന്ന അമ്മമാർക്കായി ഒരു ബുട്ടീക്ക് തൃശ്ശൂരിൽ പ്രവർത്തിക്കുന്നുണ്ട്. ദോശ, ഇഡ്ഡലി മാവ് പലവിധത്തിലുള്ള പൊടികൾ, ഉത്സവകാലങ്ങളിൽ ചിപ്സ് പോലെയുള്ള പലഹാരങ്ങൾ, സൊലസിലെ അമ്മമാരുടെ ഇത്തരം സംരംഭങ്ങൾക്ക് സൊലസ് വിപണി കണ്ടെത്തുന്നു.ഡോ: ഇ. ദിവാകരൻ പ്രസിഡന്റ് ആയ ട്രസ്റ്റ് ആണ് സൊലസിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പ്രൊഫ:എം .കെ സാനു,കെ ജയകുമാർ ഐഎഎസ് (റിട്ടയേർഡ്), റിട്ടയേർഡ് ജസ്റ്റിസ് സിരിജഗൻ, സി രാധാകൃഷ്ണൻ, ആനന്ദ് തുടങ്ങിയ പ്രഗത്ഭർ അടങ്ങിയ ഒരു അഡ്വൈസറി ബോർഡ് സൊലസിന് ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നു. സൊലസിന്റെ ഫൗണ്ടർ സെക്രട്ടറി ഷീബ അമീറിനെ തേടി കേരളത്തിലും ഇന്ത്യയിലും വിദേശത്തുമുള്ള ധാരാളം അവാർഡുകൾ എത്തിയിട്ടുണ്ട്.ഷീബ ഒരു നല്ല എഴുത്തുകാരി കൂടിയാണ് . ഓർമ്മക്കുറിപ്പുകൾ, ലേഖനങ്ങൾ, കവിതകൾ, പാട്ടുകൾ, പെയിന്റിംഗ് തുടങ്ങി ഷീബ കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. ഷീബയുടെ പുസ്തകത്തിന് അവനീബാലാ പുരസ്കാരം ലഭിച്ചിട്ടുണ്ട്.ഇതിനൊക്കെ പുറമേ അറിയപ്പെടുന്ന ഒരു സാമൂഹ്യ സാംസ്കാരിക പ്രവർത്തകയും ആക്ടിവിസ്റ്റും കൂടിയാണ് ഷീബ. പക്ഷേ എന്തൊക്കെ ചെയ്താലും പ്രവർത്തിച്ചാലും അതെല്ലാം അവസാനം ചെന്ന് നിൽക്കുക സൊലസ് എന്ന സ്വന്തം ആശ്വാസ കേന്ദ്രത്തിൽ. ഷീബ ശ്വസിക്കുന്നതും ഉറങ്ങുന്നതും ഉണരുന്നതും ചിരിക്കുന്നതും കരയുന്നതും ജീവിക്കുന്നതും അവിടെ സാന്ത്വനം തേടിയെത്തുന്ന കുഞ്ഞുങ്ങൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി മാത്രം.സൊലസിന്റെ പിറവിക്കു കാരണമായ സ്വന്തം മകൾ നീലുവിനെ പിൽക്കാലത്ത് ഷീബക്ക് നഷ്ടപ്പെട്ടെങ്കിലും അനേകം കുഞ്ഞുങ്ങളുടെ ഹൃദയത്തിൽ അവർക്ക് ഏറെ സ്നേഹം പകരുന്ന മറ്റൊരു അമ്മയായി ഷീബ അമീറിന്റെ മുന്നോട്ടുള്ള പ്രയാണം തുടരുന്നു.
(ലേഖികയുടെ ഫോൺ:9446917017)