santhi-jayakumar

സമൂഹമാദ്ധ്യമങ്ങളിലും മറ്റും കൗതുകമുണർത്തിയ ചിത്രങ്ങളും ദൃശ്യങ്ങളും തിരുവനന്തപുരം ആനാട് സ്വദേശിയായ ശാന്തി ജയകുമാർ (36) എന്ന യുവതിയെ എത്തിച്ചത് ലക്ഷങ്ങൾ വിറ്റുവരവുള്ള താമര കൃഷിയിലേയ്ക്ക്. താമരകൃഷിയിലൂടെ വരുമാനം നേടുന്ന അനേകം പേരുടെ ചിത്രങ്ങൾ ശാന്തയ്ക്ക് പ്രചോദനമാവുകയായിരുന്നു. പിന്നെ വേറൊന്നും നോക്കിയില്ല. പി എസ് സി പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് കൃഷിയിലേയ്ക്ക് ഇറങ്ങി. ഇന്ന് നല്ലൊരു സമ്പാദ്യം സ്വന്തമായുള്ള സംരംഭകയാണ് ശാന്തി.


താമര കൃഷി തുടക്കത്തിൽ ഫലം കണ്ടില്ലെന്ന് ശാന്തി പറയുന്നു. താമര വിത്ത് വാങ്ങി മുളപ്പിച്ച് ആറുമാസം വാരെ കാത്തിരുന്നിട്ടും അത് പൂവായില്ല. എന്നാൽ പിന്തിരിയാൻ ശാന്തി തയ്യാറായിരുന്നില്ല. പിന്നീട് നടത്തിയ ശ്രമം വിജയിച്ചു. ഇപ്പോൾ രണ്ട് വർഷമായി താമര കൃഷിയും വിൽപ്പനയും നടത്തുകയാണ് ശാന്തി. വീടിന്റെ ടെറസിലും പാട്ടത്തിനെടുത്ത പത്ത് സെന്റ് ഭൂമിയിലുമായാണ് താമര കൃഷി ചെയ്യുന്നത്. പ്ളാസ്റ്റിക് ബേസിനുകളിലും ഉപയോഗശൂന്യമായ ഫ്രിഡ്‌ജിലുമൊക്കെയാണ് താമര വളർത്തുന്നത്. കൃഷിയിടത്തിൽ ഏകദേശം 80 ഇനം താമരയുണ്ടെന്ന് ശാന്തി പറഞ്ഞു. ആവശ്യക്കാരേറെയുള്ള ഇനമായ സഹസ്രദളവും ശാന്തിയുടെ താമരക്കൂട്ടത്തിലുണ്ട്. ചാണകപ്പൊടി, എല്ലുപൊടി, ഡാറ്റ് തുടങ്ങിയ വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. ‌ട്യൂബർ കൂടുതലും വിദേശത്ത് നിന്നാണ് വരുത്താറുള്ളതെന്ന് ശാന്തി പറഞ്ഞു. തായ്‌ലൻഡിൽ നിന്നുമാണ് കൂടുതലും എത്തുന്നത്.

lotus-farming

കൃഷിയുടെ കാര്യങ്ങളെല്ലാം നോക്കുന്നത് സ്വന്തമായി തന്നെയാണ്. എപ്പോഴും ശ്രദ്ധകൊടുക്കേണ്ടതുണ്ട്. ഒറ്റയ്ക്ക് ചെയ്യുന്നതിൽ ബുദ്ധിമുട്ടേറെയാണെങ്കിലും തളരാറില്ലെന്ന് ശാന്തി വ്യക്തമാക്കി. കൃഷിയുമായി തിരക്കാണെങ്കിലും വീട്ടിലെ കാര്യങ്ങളും മുറപോലെ നടക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി.

താമര കൃഷിയിലൂടെ നല്ല വരുമാനം നേടുന്നുവെന്നും സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്നുവെന്നും ശാന്തി പറയുന്നു. സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലും മറ്റും ചിത്രങ്ങൾ പങ്കുവയ്ക്കുമ്പോൾ താമരപൂവും വിത്തും കിഴങ്ങും (ട്യൂബർ) ഒക്കെ ആവശ്യപ്പെട്ട് നിരവധി പേർ സമീപിക്കാറുണ്ട്. ഓൺലൈനായാണ് കൂടുതലും വിൽപ്പന. ട്യൂബർ പാക്ക് ചെയ്ത് കൊറിയർ അയയ്ക്കുകയാണ് ചെയ്യുന്നത്. നേരിട്ട് വന്ന് വാങ്ങുന്നവരും ഉണ്ട്. ഒരു ട്യൂബറിന് 200 രൂപ മുതലാണ് വില. ആദ്യകാലങ്ങളിൽ കൂടുതൽ വില ലഭിക്കുമായിരുന്നെന്നും ഇപ്പോൾ പലരും താമരകൃഷിയിലേയ്ക്ക് കടന്നപ്പോൾ വിലക്കുറഞ്ഞുവെന്നും ശാന്തി വെളിപ്പെടുത്തി. എന്നാലും മാസം 30,000 രൂപ വരെ വരുമാനം ലഭിക്കാറുണ്ടെന്നും സീസൺ അനുസരിച്ച് ഇതിൽ മാറ്റം വരാറുണ്ടെന്നും അവർ പറഞ്ഞു.

കൃഷിയ്ക്ക് പുറമേ ബിരുദധാരികൂടിയാണ് ശാന്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ നിന്ന് മലയാളത്തിലാണ് ബിരുദം കരസ്ഥമാക്കിയത്. ഭർത്താവും മകനും അടങ്ങുന്ന കുടുംബത്തിന്റെ എല്ലാ പിന്തുണയും കൃഷിയ്ക്കുള്ളതായി ശാന്തി പറയുന്നു. ഭർത്താവ് ജയകുമാർ കോൺട്രാക്‌ട് വർക്കറാണ്. മകൻ ഗോകുൽ കൃഷ്ണ ജെ എസ് അമൃത കൈരളി വിദ്യാഭവൻ സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്.

.