brazil

റിയോ ഡി ജനീറോ : ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ തീവ്ര വലതുപക്ഷ നേതാവ് ജെയ്‌ർ ബൊൽസൊനാരോയ്ക്കെതിരെ അട്ടിമറി വിജയം നേടിയ ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയിസ് ഇനാഷ്യോ ലൂല ഡ സിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ 50.9 ശതമാനം വോട്ട് നേടിയാണ് ലൂല അധികാരം തിരിച്ചുപിടിച്ചത്.

അതേസമയം, സർവേ ഫലങ്ങളെ പിന്തള്ളി അപ്രതീക്ഷിത കുതിപ്പ് നടത്തിയ നിലവിലെ പ്രസിഡന്റായ ബൊൽസൊനാരോ 49.1 ശതമാനം വോട്ടുകൾ സ്വന്തമാക്കി. ഇന്നലെ പുലർച്ചെ ആകെ വോട്ടിന്റെ 70 ശതമാനത്തോളം വരെ എണ്ണിയപ്പോൾ ബൊൽസൊനാരോ ആയിരുന്നു മുന്നിലെങ്കിലും അവസാന മണിക്കൂറുകളിൽ 77 കാരനായ ലൂല മുന്നേറ്റം നടത്തുകയായിരുന്നു.

ഒക്ടോബർ 2ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യ റൗണ്ടിൽ ലൂലയ്ക്ക് 48.4 ശതമാനവും ലിബറൽ പാർട്ടി നേതാവായ ബൊൽസൊനാരോയ്ക്ക് 43.2 ശതമാനവും വോട്ട് ലഭിച്ചിരുന്നു. എന്നാൽ,​ ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ട് സ്ഥാനാർത്ഥികൾക്ക് ആർക്കും നേടാൻ കഴിയാതെ വന്നതോടെയാണ് രണ്ടാം റൗണ്ടിലേക്ക് നീങ്ങിയത്.

വർക്കേഴ്സ് പാർട്ടി നേതാവായ ലൂല 2003 - 2010 കാലയളവിൽ രണ്ട് തവണ ബ്രസീലിന്റെ പ്രസിഡന്റായിരുന്നു. നാല് വർഷമാണ് ബ്രസീലിൽ പ്രസിഡന്റിന്റെ കാലാവധി. അടുത്ത വർഷം ജനുവരി
ഒന്നിനാണ് ബ്രസീലിന്റെ 39-ാം പ്രസിഡന്റായി ലൂല അധികാരമേൽക്കുക. 2018ൽ അഴിമതിക്കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞിരുന്ന ലൂലയ്ക്ക് മേലുള്ള കേസുകൾ കഴിഞ്ഞ വർഷം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

 അധികാരത്തിലിരിക്കെ പരാജയം ഏറ്റുവാങ്ങി ബൊൽസൊനാരോ

റിയോ ഡി ജനീറോ: 1990കൾക്ക് ശേഷം അധികാരത്തിലിരിക്കെ പുനർ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന ആദ്യ ബ്രസീൽ പ്രസിഡന്റായി ജെയ്‌ർ ബൊൽസൊനാരോ. 1998ൽ ഫെർണാണ്ടോ ഹെൻറിക് കാർഡോസോയും 2006ൽ ലൂയി ഇനാഷ്യോ ലൂല ഡ സിൽവയും 2014ൽ ദിൽമ റൂസഫും അധികാരത്തിലിരിക്കെ വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിച്ച വിജയിച്ചിരുന്നു.

യു.എസ് മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബ്രസീലിയൻ പതിപ്പെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുൻ ആർമി ഓഫീസർ കൂടിയായ ബൊൽസൊനാരോ പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവത്കരണം, ഊർജ്ജ വിലക്കയറ്റം കുറയ്ക്കാൻ സുസ്ഥിര ഊർജ്ജത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കൽ, പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 110 ഡോളർ വീതം നൽകുന്ന ഓക്സിലിയോ ബ്രസീൽ പദ്ധതി തുടരും തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രചാരണ ആയുധമാക്കിയത്. എതിരാളിയായ ലൂലയേക്കാൾ വോട്ടിംഗ് ശതമാനം വളരെ കുറവായിരിക്കുമെന്ന് പ്രവചനമുണ്ടായിരുന്നെങ്കിലും നേരിയ വ്യത്യാസത്തിലാണ് ബൊൽസൊനാരോ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നത്.

ആമസോൺ വനനശീകരണം കുത്തനേ ഉയർന്നതും 686,000 ലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചതുമുൾപ്പെടെ ലിബറൽ പാർട്ടി നേതാവായ ബൊൽസൊനാരോയുടെ സർക്കാരിനെതിരെ നിരവധി വിമർശനങ്ങൾ നിലവിലുണ്ട്. കൊവിഡിനെ വെറും പനിയെന്ന് ആദ്യം തള്ളിക്കളഞ്ഞ ബൊൽസൊനാരോ ആമസോൺ വനനശീകരണ മാഫിയകൾക്ക് അനുകൂല നിലപാട് സ്വീകരിക്കുന്നതായി ആരോപണമുണ്ട്.

2019ൽ അധികാരമേറ്റ ബൊൽസൊനാരോ പരാജയപ്പെട്ടാൽ അദ്ദേഹത്തിന്റെ അനുകൂലികളുടെ നേതൃത്വത്തിൽ രാജ്യത്ത് വ്യാപക അക്രമ സംഭവങ്ങൾ ഉണ്ടായേക്കുമെന്ന് ഭയന്നിരുന്നു. എന്നാൽ, ബൊൽസൊനാരോ ഇതുവരെ തോൽവി അംഗീകരിച്ച് പ്രതികരിച്ചിട്ടില്ല. ബൊൽസൊനാരോ അനുകൂലികൾ ചില ഹൈവേകളിൽ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു.

തിരിച്ചുവരവ് ശക്തം

റിയോ ഡി ജനീറോ: ജെയ്‌ർ ബൊൽസൊനാരോയെ പരാജയപ്പെടുത്തിയതിലൂടെ മുൻ പ്രസിഡന്റ് ലൂയി ഇനാഷ്യോ ലൂല ഡ സിൽവയുടെ ശക്തമായ രാഷ്ട്രീയ തിരിച്ചുവരവിനാണ് ബ്രസീൽ സാക്ഷിയായിരിക്കുന്നത്. 2018ൽ കള്ളപ്പണം വെളുപ്പിക്കൽ, അഴിമതി കേസിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട ലൂലയെ 580 ദിവസം ജയിലിൽ കഴിഞ്ഞ ശേഷം കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

ലൂലയ്ക്ക് അന്ന് ഒമ്പത് വർഷം ശിക്ഷ വിധിച്ച ജ‌ഡ്ജിയായ സെർജിയോ മോറോ പിന്നീട് ബൊൽസൊനാരോ മന്ത്രിസഭയിൽ നിയമമന്ത്രിയായിരുന്നു. ലൂലയുടെ അഴിമതിക്കേസിന്റെ വിചാരണയ്ക്ക് മേൽനോട്ടം വഹിച്ച ജ‌ഡ്ജി പക്ഷപാതം കാട്ടിയെന്ന് നിരീക്ഷിച്ച സുപ്രീംകോടതി കഴിഞ്ഞ വർഷം ലൂലയ്ക്ക് മേലുണ്ടായിരുന്ന കേസുകൾ അസാധുവാക്കി. 2018ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ലൂല ശ്രമം നടത്തിയിരുന്നെങ്കിലും കേസുകളുടെ പശ്ചാത്തലത്തിൽ അയോഗ്യനാക്കപ്പെട്ടിരുന്നു.

കഴിഞ്ഞ വർഷത്തെ സുപ്രീംകോടതിയുടെ അനുകൂല വിധിയാണ് ഇത്തവണ മത്സരിക്കാൻ ലൂലയ്ക്ക് വഴിയൊരുക്കിയത്. 2003 - 2010 കാലയളവിൽ താൻ പ്രസിഡന്റായിരിക്കെ ദാരിദ്ര്യ നിർമ്മാർജനത്തിന് ആവിഷ്കരിച്ച 'ബൊൾസ ഫമിലിയ" പദ്ധതി കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ലൂല ഇത്തവണ പ്രചാരണം നടത്തിയത്.

നികുതി വ്യവസ്ഥയിലെ പരിഷ്ക്കരണം, പട്ടിണി ഇല്ലാതാക്കൽ, ആമസോൺ വനനശീകരണം തടയൽ എന്നിവയാണ് ലൂലയുടെ പ്രധാന വാഗ്ദാനങ്ങൾ. സാധാരണക്കാർക്കിടയിൽ വിശ്വാസം നേടിയെടുക്കാൻ ലൂലയ്ക്ക് കഴിഞ്ഞു. ബ്രസീലിയൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ജനപ്രിയ നേതാക്കളിൽ ഒരാളായാണ് ലൂലയെ കണക്കാക്കുന്നത്.

 ആരാണ് ലൂല ?

 ജനനം - 1945 ഒക്ടോബർ 27, ബ്രസീലിലെ പെർനാംബൂക്കോ സംസ്ഥാനത്ത്

 പിതാവ് കർഷൻ. മാതാവ് തയ്യൽ തൊഴിലാളി

 മൂന്ന് തവണ വിവാഹിതനായി. മക്കൾ അഞ്ച്. ആദ്യ ഭാര്യ മരിയ 1971ലും രണ്ടാം ഭാര്യ മരീസ 2017ലും മരിച്ചു. 2022 മേയിൽ സോഷ്യോളജിസ്റ്റായ റൊസാഞ്ചലയെ വിവാഹം കഴിച്ചു. ആദ്യ ഭാര്യയായ മരിയ എട്ടുമാസം ഗർഭിണിയായിരിക്കെ ഹെപ്പറ്റൈറ്റിസ് ബാധിച്ചാണ് മരിച്ചത്

 ലൂലയുടെ പിതാവ് വിദ്യാഭ്യാസത്തിനെതിരായിരുന്നു. കുടുംബം പുലർത്തുന്നതിനാണ് അദ്ദേഹം മുൻഗണന നൽകിയത്. 10-ാം വയസുവരെ ലൂലയ്ക്ക് വായിക്കാനറിയില്ലായിരുന്നു

 അഞ്ചാം ഗ്രേഡിന് ശേഷം ലൂല പഠനം ഉപേക്ഷിച്ച് ജോലിയ്ക്ക് പോയിത്തുടങ്ങി

 12-ാം വയസിൽ ഷൂ പോളിഷ്, വഴിയോരക്കച്ചവടം എന്നീ ജോലികൾ ചെയ്തു. 14-ാം വയസിൽ ഒരു വെയർഹൗസിൽ ജോലി കിട്ടി

 19-ാംവയസിൽ ഒരു ഓട്ടോമൊബൈൽ പാർട്സ് ഫാക്ടറിയിലെ ജോലിയ്ക്കിടെയുണ്ടായ അപകടത്തിൽ ഇടത് കൈയിലെ ചെറുവിരൽ നഷ്ടമായി

 ബ്രസീൽ രാഷ്ട്രീയത്തിൽ തൊഴിലാളി വർഗത്തിന്റെ അഭാവത്തിൽ അതൃപ്തനായതോടെ സജീവ രാഷ്ട്രീയത്തിൽ

 21-ാം വയസിൽ ലോഹപ്പണിക്കാരമായി. ലോഹപ്പണിക്കാരുടെ യൂണിയനിൽ സജീവം. 1975ൽ യൂണിയൻ പ്രസിഡന്റായി

 വർക്കേഴ്സ് പാർട്ടിയുടെ സ്ഥാപക അംഗം

 1986ൽ ബ്രസീലിയൻ കോൺഗ്രസിൽ അംഗമായി

 1989, 1994, 1998 വർഷങ്ങളിൽ വർക്കേഴ്സ് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥി. എല്ലാ തവണയും രണ്ടാം സ്ഥാനത്തെത്തി

 2002 ഒക്ടോബറിൽ 61.3 ശതമാനം വോട്ടോടെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയം. 2003 ജനുവരി 1ന് അധികാരത്തിൽ

 2010ൽ ടൈം മാഗസിന്റെ ലോകത്ത് ഏറ്റവും സ്വാധീനിക്കപ്പെട്ട വ്യക്തികളുടെ പട്ടികയിൽ

 2011ൽ കാലാവധി തീർന്നതോടെ പ്രസിഡന്റ് പദവി ഒഴിഞ്ഞു. സർവേയിൽ 90 ശതമാനം അംഗീകാരം

 2011 ഒക്ടോബറിൽ തൊണ്ടയിൽ കാൻസർ സ്ഥിരീകരിച്ചു. അടുത്ത വർഷം രോഗമുക്തി

 യു.എൻ, വേൾഡ് ട്രേഡ് ഓർഗനൈസേഷൻ തുടങ്ങിയ ആഗോള സംഘടനകൾ സമ്പന്ന രാഷ്ട്രങ്ങളെ അനുകൂലിക്കുന്നുവെന്നും വികസ്വര രാജ്യങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കാൻ അവയുടെ നവീകരണം വേണമെന്നും വാദിക്കുന്നു

 ക്യൂബൻ നേതാവ് ഫിഡൽ കാസ്ട്രോയുടെ സുഹൃത്ത്