
ടെഹ്റാൻ: ഇറാനിൽ യുവ ഷെഫ് സുരക്ഷാ സേനയുടെ അടിയേറ്റ് കൊല്ലപ്പെട്ടു. സെലിബ്രിറ്റി ഷെഫ് മെഹ്‌ർഷാദ് ഷഹീദിയാണ് ( 19 ) കൊല്ലപ്പെട്ടത്. ഇറാനിലെ ' ജാമി ഒലിവർ" എന്നറിയപ്പെടുന്ന ഷഹീദി കഴിഞ്ഞ ബുധനാഴ്ചയാണ് കൊല്ലപ്പെട്ടത്.
രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ രൂക്ഷമായിരിക്കെയാണ് ഷഹീദിയുടെ മരണം. അറാക് നഗരത്തിൽ ഒരു പ്രതിഷേധത്തിനിടെയാണ് ഷഹീദിയെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോർട്ട്. കസ്റ്റഡിയിൽ വച്ച് ഷഹീദിയെ സേന ബാറ്റൺ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ഷഹീദി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ഷഹീദിയുടെ മരണകാരണം ഹൃദയാഘാതമാണെന്ന് പറയാൻ കുടുംബത്തിന് മേൽ സേന സമ്മർദ്ദം ചെലുത്തി. അതേ സമയം, ഇറാൻ ഭരണകൂടം ആരോപണം നിഷേധിച്ചു. ഷഹീദിയുടെ മൃതശരീരത്തിൽ ചതവേറ്റതിന്റെയോ മുറിവിന്റെയോ പാടുകളില്ലെന്ന് ചീഫ് ജസ്റ്റിസ് അബ്‌ദൽമെഹ്‌ദി മൗസവി പ്രതികരിച്ചു.
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റിലായി സദാചാര പൊലീസിന്റെ കസ്റ്റഡിയിൽ വച്ച് മഹ്സ അമിനി (22) എന്ന യുവതി മരിച്ചതിന് പിന്നാലെയാണ് രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾ ആരംഭിച്ചത്. ഇതുവരെ കുറഞ്ഞത് 270 പേർ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചെന്നാണ് കണക്ക്. 14,000 പേർ ജയിലിലായി.