
ടെൽ അവീവ് : ഇസ്രയേലിൽ ഇന്ന് നാല് വർഷത്തിനിടെയുള്ള അഞ്ചാമത്തെ തിരഞ്ഞെടുപ്പ് നടക്കും. പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബെഞ്ചമിൻ നെതന്യാഹുവിന്റെ തിരിച്ചുവരവിന് കളമൊരുക്കിയേക്കാവുന്ന തിരഞ്ഞെടുപ്പാണിത്. ജൂണിലാണ് പ്രധാനമന്ത്രിയായിരുന്ന നഫ്താലി ബെന്നറ്റ് പാർലമെന്റ് പിരിച്ചുവിട്ടതും വിദേശകാര്യ മന്ത്രി യെയ്‌ർ ലാപിഡ് കാവൽ പ്രധാനമന്ത്രിയായതും. എട്ടു പാർട്ടികളടങ്ങുന്ന നഫ്താലി ബെന്നറ്റിന്റെ ഭരണ മുന്നണി സഖ്യത്തിന് ഏപ്രിലിൽ ഒരു പാർലമെന്റംഗം രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടമായിരുന്നു. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റുകളാണ്. ബെഞ്ചമിൻ നെതന്യാഹുവിന്റെ 12 വർഷത്തെ ഭരണത്തിന് ശേഷം കഴിഞ്ഞ വർഷം ജൂണിലാണ് യമിന പാർട്ടി നേതാവായ നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രിയായി അധികാരമേറ്റത്. ഇത്തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയായേക്കുമെങ്കിലും നെതന്യാഹുവിന്റെ ലികുഡ് പാർട്ടിയ്ക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവില്ലെന്നും സർക്കാർ രൂപീകരണത്തിന് മറ്റ് പാർട്ടികളുടെ സഖ്യം വേണ്ടി വന്നേക്കുമെന്നുമാണ് സർവേകൾ സൂചിപ്പിക്കുന്നത്.