
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം കൂടുതൽ ശക്തമാകും. കേന്ദ്ര കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പ് പ്രകാരം ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട് ഉള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടി മിന്നലോടുകൂടിയ മഴയ്‌ക്കാണ് സാദ്ധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിന് മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും, ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിനും തമിഴ്‌നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബിക്കടൽ വരെ നീണ്ടു നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായി നവംബർ 4 വരെ കേരളത്തിൽ വ്യാപകമായ മഴക്ക് സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.