
തിരുവനന്തപുരം: ആന്ധ്രാപ്രദേശിലെ മൊത്ത വിപണിയിൽ അരിയുടെ ശരാശരി വില കിലോയ്ക്ക് 32.50 രൂപ. ചില്ലറ വിപണിയിലെ കൂടിയ വില 35 രൂപ. അവിടത്തെ 'ജയ' അരിക്ക് കേരളത്തിൽ ചില്ലറ വിപണി വില 60 രൂപ. സംസ്ഥാനത്ത് ഇന്നലെ ഫസ്റ്റ് ക്വാളിറ്റി ജയ അരിയുടെ മൊത്ത വിപണി വില 58.50 രൂപ. മട്ട വടി അരിക്ക് 59 രൂപയും.
ആന്ധ്രയിലെ മാർക്കറ്റുകളിൽ നിന്ന് ഒരു കിലോ അരി തിരുവനന്തപുരത്ത് ചാല മാർക്കറ്റിലെത്തുമ്പോൾ വണ്ടി വാടക ഉൾപ്പെടെയുള്ള കൂലി 3.85 രൂപ . കയറ്റിയിറക്ക് കൂലി 30 പൈസ. ആകെ അധികച്ചെലവ് 4.15 രൂപ. 35 രൂപയ്ക്ക് അരി വാങ്ങി ഇവിടെ എത്തിക്കുമ്പോൾ മൊത്ത വിപണിയിൽ ലഭ്യമാകേണ്ട വില 39.15 രൂപ.അധികമായി 19.35 രൂപ ഈടാക്കുന്നതിന് പിന്നിൽ, ആന്ധ്രയിലെ മൊത്ത വ്യാപാരികളും കേരളത്തിൽ അരിയെത്തിക്കുന്ന ഇടനിലക്കാരും ചേർന്നുള്ള തട്ടിപ്പാണ്
ജയ ഡ്യൂപ്ലിക്കേറ്റ്
ജയ എന്ന പേരിൽ ആന്ധ്രയിൽ നിന്നെത്തുന്നത് അവിടെ അത്രയൊന്നും ഡിമാന്റില്ലാത്ത ബൊന്ദലു എന്ന ഇനം അരിയാണെന്ന് 2017ൽ സംസ്ഥാന സർക്കാരിന് നേരിട്ട് ബോദ്ധ്യമായതാണ്. 2017ജൂലായിൽ അന്നത്തെ ഭക്ഷ്യമന്ത്രി പി.തിലോത്തമനും സംഘവും സിവിൽ സപ്ലൈസ് കോർപ്പറേഷനു വേണ്ടി ആന്ധ്രയിൽ നിന്നു നേരിട്ടു ജയ അരി വാങ്ങാനെത്തി. അന്നത്തെ ഉപമുഖ്യമന്ത്രി കെ.ഇ കൃഷ്ണമൂർത്തി ഉൾപ്പെടെയുള്ളവരോടു ജയ അരി ആവശ്യപ്പെട്ടപ്പോഴാണ് ,1965നു ശേഷം ജയ അവിടെ കൃഷി ചെയ്യുന്നില്ലെന്നറിഞ്ഞത്.ഇവിടെ ലഭിക്കുന്ന 'ജയ'അരിയുടെ സാമ്പിൾ അവിടെ എത്തിച്ചപ്പോഴാണ് അത് ബൊന്ദലുവാണെന്നും, പഴയ ഐ.ആർ 8ന്റെ വകഭേദമാണെന്നും
തിരിച്ചറിഞ്ഞത്.എന്നിട്ടും, ഡ്യൂപ്ളിക്കേറ്റ് ജയ നിർബാധം എത്തുന്നു. ഇപ്പോൾ കേരള വിപണിയിൽ ആന്ധ്ര ജയ കൂടാതെ പഞ്ചാബ് ജയ, കർണ്ണാടക ജയ അരിയും ലഭിക്കും. വില ശരാശരി 40 രൂപ. രണ്ട് സംസ്ഥാനങ്ങളിലും ഡിമാൻ്ഡ് കുറഞ്ഞ അരിയാണിത്.