accused

തിരുവനന്തപുരം: മ്യൂസിയത്തിൽ പ്രഭാത സവാരിക്കിടെ വനിതാ ഡോക്ടർക്ക് നേരെ ആക്രമണമുണ്ടായ സംഭവത്തിൽ പ്രതിയെ പറ്റി സൂചന ലഭിച്ചതായി വിവരം. ഒരാളെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് കേസിന്റെ അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്.

യുവതിയെ ആക്രമിച്ചശേഷം പ്രതി തിരികെ പോയ വഴിയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എൽഎംഎസ് ജംഗ്ഷനിൽ നിന്ന് നന്ദാവനം വഴി ബേക്കറി ജംഗ്ഷനിലൂടെ പാളയത്തിലേയ്ക്ക് പോയ പ്രതി തിരികെ മ്യൂസിയത്തിൽ എത്തുകയും അവിടെ നിന്ന് മാനവീയം വീഥി വഴി വഴുതക്കാടേക്ക് കടക്കുകയുമായിരുന്നു എന്നാണ് കണ്ടെത്തൽ.

കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള 13അംഗ സംഘമാണ് കേസന്വേഷിക്കുന്നത്. സംഭവം നടന്ന് അഞ്ച് ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതിനാലാണ് പുതിയ നടപടി. മ്യൂസിയം സ്റ്റേഷൻ സിഐയും എസ്ഐയുമാണ് നേരത്തേ കേസന്വേഷിച്ചിരുന്നത്. തിരുവനന്തപുരം ഡിസിപിയ്ക്കാണ് അന്വേഷണ ചുമതല.