
പത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലിക്കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യാപേക്ഷയിൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും കൊലപാതകങ്ങളിൽ തനിക്ക് നേരിട്ടോ അല്ലാതെയോ യാതൊരു പങ്കുമില്ലെന്നാണ് ലൈലയുടെ വാദം.
കേസ് പൊലീസ് കെട്ടിച്ചമച്ചതാണെന്നും ജാമ്യഹർജിയിൽ പറയുന്നു. ലോട്ടറി വിൽപ്പനക്കാരികളായ റോസ്ലി, പത്മ എന്നിവരാണ് കൊല്ലപ്പെട്ടത്. നിലവിൽ റോസ്ലി കൊലക്കേസിൽ കാലടി പൊലീസിന്റെ കസ്റ്റഡിയിലാണ് ലൈല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ പ്രതിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.
ഇരട്ട നരബലിക്കേസിൽ കഴിഞ്ഞമാസം പതിനൊന്നിനാണ് ലൈലയും ഭർത്താവ് ഭഗവൽസിംഗും മുഖ്യസൂത്രധാരൻ ഷാഫിയും പിടിയിലായത്. ഭഗവൽസിംഗിന്റെ വീട്ടുവളപ്പിൽ കുഴിച്ചിട്ട നിലയിൽ പത്മത്തിന്റെയും റോസ്ലിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.