
കൊവിഡിന് ശേഷം കുട്ടികളിൽ ഒരേ സമയം ഒന്നിലധികം വൈറസ് ബാധയെന്ന് പഠനം. പനിയും കഫക്കെട്ടുമാണ് ലക്ഷണമെങ്കിലും വിദഗ്ദ്ധ പരിശോധനയിലാണ് ഒരേ വൈറസുകൾ ഒരേ സമയം ബാധിച്ചതായി കണ്ടെത്തിയത്. ഇതാദ്യമായാണ് ഇത്തരമൊരു സങ്കീർണ സാഹചര്യം.
സ്കൂൾ തുറന്ന് മാസങ്ങളായിട്ടും ഇടവിട്ടുള്ള പനിബാധയിലാണ് കുട്ടികൾ. മൂക്കൊലിപ്പ്, ചെറിയ പനി, വരണ്ട ചുമ എന്നിവ ലക്ഷണങ്ങളായുള്ള അപ്പർ റെസ്പിറേറ്ററി ഇൻഫെക്ഷനാണ് കൂടുതലായി കാണുന്നത്. എന്നാൽ കഫക്കെട്ടാണ് (ലോവർ റെസ്പിറേറ്ററി ഇൻഫെക്ഷൻ) കൂടുതൽ ശ്രദ്ധിക്കേണ്ടത്. മൂർച്ഛിച്ചാൽ ന്യുമോണിയയാകാം. അതിശക്തമായ പനി, ചുമ, ശ്വാസം എടുക്കുമ്പോൾ നെഞ്ചു താഴ്ന്നുപോകുക, ശ്വാസംമുട്ടൽ, ക്ഷീണം എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
രണ്ട് വർഷം വീട്ടിലായിരുന്നതിനാൽ കുട്ടികളിൽ പലർക്കും വേണ്ടത്ര പ്രതിരോധ ശേഷിയില്ല. കൊവിഡ് കാലത്തേതു പോലുള്ള മുൻകരുതലുകൾ സ്വീകരിച്ചാൽ തുടർച്ചയായുള്ള അണുബാധ വരാതെ സൂക്ഷിക്കാം. മാസ്‌ക്, സാനിറ്റൈസർ എന്നീ ശീലങ്ങൾ തുടരണം. കൂടുതൽ കുട്ടികളിലേയ്ക്ക് രോഗം പകരുന്നത് തടയുന്നതിന് പനി പൂർണമായി മാറുന്നതു വരെ സ്‌കൂളിൽ പോകാതിരിക്കണം.
ശ്രദ്ധിക്കാൻ.
പഴയ കുറിപ്പടി വച്ച് ആന്റിബയോട്ടിക് അടക്കമുള്ള മരുന്ന് വാങ്ങരുത്.
അണുബാധ എവിടെയെന്ന് കൃത്യമായി കണ്ടെത്തി വേണം ചികിത്സ.
മിക്ക വൈറൽ അണുബാധയ്ക്കും ആന്റിബയോട്ടിക്കുകൾ ആവശ്യമില്ല.
തൈര്, ബദാം, മുട്ട, റാഗി,കാരറ്റ്, ചീര, നിലക്കടല തുടങ്ങിയ കഴിക്കണം