sharon

തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനെയും തെളിവെടുപ്പിനായി ഉടൻ വീട്ടിലെത്തിക്കും. ഷാരോണിന് കുടിക്കാൻ നൽകിയ കഷായത്തിൽ കളനാശിനി കലക്കാൻ ഗ്രീഷ്മയെ അമ്മ സിന്ധുവാണ് സഹായിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. കൊലപാതകത്തിൽ തെളിവ് നശിപ്പിച്ചതിന് സിന്ധുവിനും സഹോദരൻ നിർമൽ കുമാറിനും പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ ഇരുവരെയും കേസിൽ പ്രതിചേർത്തിരുന്നു. പിന്നാലെ ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. അതേസമയം, കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിൽ വച്ച് ആത്മഹത്യാ ശ്രമം നടത്തിയ ഗ്രീഷ്മയെ ആരോഗ്യനില തൃപ്തികരമായ ശേഷമാകും തെളിവെടുപ്പിനായി വീട്ടിലെത്തിക്കുക.

ഷാരോണിന് വിഷം നൽകിയെന്ന് ഗ്രീഷ്മ സമ്മതിച്ച ശേഷം കഷായത്തിന്റെ കുപ്പി തൊട്ടടുത്ത സ്ഥലത്ത് ഉപേക്ഷിച്ചുവെന്നാണ് ഇരുവരും ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നൽകിയത്. ഇത് കണ്ടെടുക്കുന്നതിന് വേണ്ടിയാണ് തെളിവെടുപ്പ്. അതേസമയം, വിഷം നൽകിയതിനെ കുറിച്ച് അമ്മയുൾപ്പെടെ ആർക്കും അറിയില്ലെന്നായിരുന്നു ഗ്രീഷ്മയുടെ ആദ്യ മൊഴി. ഇവരുടെ മൊഴികളിലെ വൈരുധ്യം മുൻനിർത്തി നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കുറ്റകൃത്യത്തിലെ പങ്ക് വ്യക്തമായത്.